മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ഓസ്‌ട്രേലിയൻ പൗരന്മാരുടെയും റെസിഡൻസിന്റെയും വിദേശത്തുള്ള മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിനായി പൗരന്മാരുടെയും റെസിഡെൻസിന്റെയും മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 

യാത്രാ ഇളവിനായുള്ള അപേക്ഷകൾ ഇന്ന് (വെള്ളിയാഴ്ച) മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാവൽ എക്സംഷൻ പോർട്ടലിൽ സ്വീകരിച്ചു തുടങ്ങി. നവംബർ ഒന്ന് മുതലാണ് ഓസ്‌ട്രേലിയൻ പൗരന്മാരുടെയും റെസിഡൻസിന്റെയും മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കുന്ന മാറ്റം പ്രാബല്യത്തിൽ വരിക. 

ഇളവിനായി അപേക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ബാധകമാണ്.

ഓസ്‌ട്രേലിയിലുള്ള മകന്റെയോ മകളുടെയോ പൗരത്വം അല്ലെങ്കിൽ പെർമനന്റ് റെസിഡൻസി തെളിയിക്കുന്ന രേഖയും, ഈ വ്യക്തിയുടെ മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖയും സമർപ്പിക്കേണ്ടിവരും.

ജനന സർട്ടിഫിക്കറ്റ്, അഡോപ്ഷൻ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖ ആവശ്യമാണ്. അപേക്ഷയിൽ അനുവദിക്കുന്ന മറ്റ് രേഖകളുടെ ഉദാഹരണം ഡിപ്പാർട്മെന്റ് സൈറ്റിൽ നൽകിയിട്ടുണ്ട്. 

പാസ്‌പോർട്ടും, വിസയും, വാക്‌സിനേഷൻ പൂർത്തിയാക്കിയ രേഖയും യാത്രക്ക് ആവശ്യമാണ്. എല്ലാ രാജ്യാന്തര യാത്രക്കാരും ഓരോ സംസ്ഥാനത്തിന്റെയും ടെറിട്ടറിയുടെയും ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

വിദേശത്തുള്ള മാതാപിതാക്കൾക്ക് ഇതുവരെ യാത്രാ ഇളവുകൾ ബാധകമായിരുന്നില്ല. 

അതിർത്തിയിൽ നൽകുന്ന ഇളവുകളിൽ കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പുതിയ മാറ്റം ഉൾപ്പെടുത്തിയത്.

മഹാമാരി മൂലം വേർപിരിഞ്ഞിരിക്കുന്ന നിരവധി കുടുംബങ്ങളെ ഈ മാറ്റം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് പറഞ്ഞു. 

വിദേശത്ത് മാതാപിതാക്കളുള്ള കുടുംബങ്ങൾക്ക് വിവാഹം, മരണാനന്തര ചടങ്ങുകൾ, കുട്ടികളുടെ ജനനം തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളിൽ പങ്ക് ചേരാൻ കഴിഞ്ഞിട്ടില്ല എന്നദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ത്യാഗത്തിനും കാത്തിരിപ്പിനും എല്ലാ കുടുംബങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version