ഒപ്റ്റസ് സൈബർ ആക്രമണം: 10,000 ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു

ഒപ്റ്റസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന് ശേഷം ഹാക്കർമാർ 10,000 ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ പുറത്ത് വിട്ടതായി വിദഗ്ദ്ധർ കരുതുന്നു.

ഉപഭോക്താക്കളുടെ പേരുകൾ, ജനനത്തീയതി, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ചോർന്നിട്ടുണ്ട് എന്ന കാര്യം ഓപ്റ്റസ് വ്യക്തമാക്കിയിരുന്നു.

ചോർന്നിരിക്കുന്ന വ്യക്തി വിവരങ്ങളിൽ മെഡികെയർ നമ്പറുകളും ഉൾപ്പെടുന്നതായി ഇപ്പോൾ മനസ്സിലാക്കുന്നതായി ആഭ്യന്തര മന്ത്രി ക്ലെയർ ഒനീൽ പറഞ്ഞു. ഇത് കൂടുതൽ ആശങ്കയ്ക്ക് വകയൊരുക്കുന്നതായി കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നത് ഒഴിവാക്കാൻ ഹാക്കർമാർ പണം ആവശ്യപ്പെട്ടിട്ടുള്ളതായി സൈബർ സുരക്ഷാ വിദഗ്ദ്ധർ പറഞ്ഞു. പതിനഞ്ച് ലക്ഷം ഡോളർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

പേയ്‌മെന്റ് വിവരങ്ങളും അക്കൗണ്ട് പാസ്‌വേർഡുകളും ചോർന്നിട്ടില്ല എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
സൈബർ ആക്രമണം മൂലമുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സർക്കാർ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതായി ക്ലെയർ ഒനീൽ വ്യക്തമാക്കി.

ഒരു കോടിയോളം ഓസ്‌ട്രേലിയക്കാരെ ബാധിച്ചിരിക്കുന്ന സൈബർ ആക്രമണം സംബന്ധിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹാക്കർമാരെ കണ്ടെത്തുക, വ്യക്തിവിവരങ്ങൾ ചോർന്നിരിക്കുന്നവരുടെ സുരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഒപ്പേറഷൻ ഹറികെയ്ൻ എന്ന പേരിലുള്ള AFP അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.

എന്നാൽ ഇത് വളരെ സങ്കീർണമായ നടപടിയായിരിക്കുമെന്ന് സൈബർ കമാണ്ടിന്റെ അസ്സിസ്റ്റൻ കമീഷണർ ജസ്റ്റിൻ ഗോഫ് വ്യക്തമാക്കി.

നിലവിലുള്ള ഉപഭോക്താക്കൾക്കും മുൻ ഉപഭോക്താക്കൾക്കും ഒരു വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ് ലഭ്യമാക്കുമെന്ന് ഓപ്റ്റസ് വ്യക്തമാക്കി. എക്വിഫാക്സ് പ്രൊട്ടക്ട് സബ്സ്ക്രിപ്ഷനായിരിക്കും ലഭ്യമാക്കുക.

അതെ സമയം സർക്കാറിന്റെ സൈബർ ആക്രമണത്തോടുള്ള പ്രതികരണം പതുക്കെയായിരുന്നുവെന്ന് പ്രതിപക്ഷത്തിന്റെ സൈബർ സുരക്ഷാ വിഭാഗം വക്താവ് ജെയിംസ് പാറ്റേഴ്സൺ സ്കൈ ന്യൂസിനോട് പറഞ്ഞു.

ഓപ്റ്റസിന്റെ നിലവിലുള്ള ഉപഭോക്താക്കളുടെയും മുൻ ഉപഭോക്താക്കളുടെയും പേരിൽ കമ്പനിക്കെതിരെ ക്ലാസ് ആക്ഷന്റെ സാധ്യതകൾ പരിശോധിക്കുന്നതായി സ്ളേറ്റർ ആൻഡ് ഗോർഡൺ ലോയേഴ്സ് പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version