ഓണത്തെക്കുറിച്ചുള്ള എംപിയുടെ പ്രസംഗത്തില്‍ അഭിമാനിച്ച് മലയാളി സമൂഹം

ക്വീന്‍സ്‌ലാന്‍റ്  പാര്‍ലമെന്‍റില്‍ എംപി മാര്‍ട്ടിന്‍ ജെയിംസ് ഓണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഓണാഘോഷത്തെ കുറിച്ചുമൊക്കെ പ്രസംഗിച്ചതിന്‍റെ സന്തോഷത്തിലാണ് ക്വീന്‍സ്‌ലാന്‍റിലെ മലയാളി കൂട്ടായ്മകള്‍. സ്രെട്ടന്‍ എം.പിയായ ജയിംസ് മാര്‍ട്ടിനാണ് തന്റെ ഓണാനുഭവം പാര്‍ലമെന്‍റില്‍ പങ്കു വെച്ചത്.

സെപ്റ്റംബര്‍ 15ന് പാര്‍ലമെന്‍റില്‍ നടത്തിയ മൂന്നു മിനിട്ടോളം നീണ്ട പ്രസംഗത്തിലൂടെ മലയാളിയുടെ ഓണം ക്വീന്‍സ്‌ലാന്‍റ് പാര്‍ലമെന്‍റ്  രേഖകളില്‍ഇടം പിടിച്ചു. എം.പിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം.

പാര്‍ലമെന്‍റില്‍ വിവിധ സംസ്കാരങ്ങളുടെ ആഘോഷങ്ങളെ പറ്റി പറഞ്ഞു തുടങ്ങിയ എം.പി കേരളത്തെ കുറിച്ചും ഓണത്തിന്‍റെ പ്രാധാന്യത്തെ പറ്റിയും മറ്റ് എം.പിമാരോട് വിശദീകരിച്ചു. ഓണാഘോഷത്തിന്‍റെ ചരിത്രവും മഹാബലിയുമൊക്കെ പരാമര്‍ശിക്കപ്പെട്ട പ്രസംഗത്തില്‍ ഓണാഘോഷങ്ങളിലെ മതസൌഹാര്‍ദ്ദം എം.പി ചൂണ്ടി കാട്ടി.

സദ്യയുണ്ടാക്കിയ മലയാളി ഷെഫിന്‍റെ പേരെടുത്തു പറഞ്ഞാണ് ഓണസദ്യയെ പറ്റി എം.പി പാര്‍ലമെന്‍റില്‍ വിവരിച്ചത്. സദ്യയില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട പരിപ്പ് പായസത്തെ പറ്റിയുള്ള എം.പിയുടെ പരാമർശം പാര്‍ലമെന്‍റില്‍ കൂട്ടച്ചിരിക്കിടയാക്കി.
”ഞാന്‍ പരിപ്പ് വിഭവം ഇഷ്ടപ്പെട്ട ഏക അവസരമിതാണ്, ഞാന്‍ പരിപ്പ് പായസത്തിന്‍റെ വലിയൊരു ആരാധകനാണിപ്പോള്‍” ഇതായിരുന്നു എം.പി.യുടെ പരാമര്‍ശം.

പരിപാടിയില്‍ അല്‍പ്പം താമസിച്ചാണെത്തിയതെങ്കിലും എം.പി  വളരെ സജീവമായി എല്ലാ ആഘോഷത്തിലും പങ്കെടുത്തുവെന്ന് കൈരളി ബ്രിസ്ബൈന്‍ സെക്രട്ടറി ടോം ജോസഫ് പറഞ്ഞു.
”കൈ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് എം.പി സദ്യ കഴിച്ചത്. അദ്ദേഹത്തിന് വിഭവങ്ങള്‍ എല്ലാം ഇഷ്ടപ്പെട്ടു”. ഓണാഘോഷത്തെ പറ്റിയും പരിപാടിയെ പറ്റിയും പാര്‍ലമെന്‍റില്‍ സംസാരിക്കുമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നുവെന്നും ടോം വിശദീകരിച്ചു.
മലയാളി സമൂഹത്തിന്‍റെ എല്ലാ ആവശ്യങ്ങളിലും എം.പി സജീവമാണെന്നും, ആഘോഷം കഴിഞ്ഞയുടന്‍ തന്നെ ഓണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും വിവരങ്ങള്‍ കൈമാറിയ  ഷാജി തെക്കനാത്ത് പറഞ്ഞു.

പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ ക്വീന്‍സ്‌ലാന്‍റിലെ വിവിധ മലയാളി അസോസിയേഷനുകളെയും, വ്യക്തികളെയും എം.പി ജയിംസ് മാർട്ടിന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജയിംസ് മാർട്ടിന്‍ എ.പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കടപ്പാട്: SBS മലയാളം

Exit mobile version