സിഡ്നിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടി
സിഡ്നിയിലെ ഡെൽറ്റ കൊവിഡ് ബാധ കൂടുതൽ രൂക്ഷമാകുന്നതിനിടെ ലോക്ക്ഡൗൺ ഒരു മാസത്തേക്കു കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. രോഗബാധ അതീവ രൂക്ഷമായ കൗൺസിലുകളിൽ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചു.
ന്യൂ സൗത്ത് വെയിൽസിൽ 644 കൊവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.
നാലു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാനും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സർക്കാർ തീരുമാനിച്ചത്.
ഗ്രേറ്റർ സിഡ്നി മേഖലയിലെ ലോക്ക്ഡൗൺ സെപ്റ്റംബർ അവസാനം വരെ നീട്ടുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 28 വരെയായിരുന്നു നിലവിലെ ലോക്ക്ഡൗൺ. ഇതാണ് ഒരു മാസം കൂടി നീട്ടിയിരിക്കുന്നത്.
ഓഗസ്റ്റ് 23 തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതും കൂടുതൽ നിർബന്ധിതമാക്കിയിട്ടുണ്ട്.
വീടിനു പുറത്തായിരിക്കുമ്പോൾ എല്ലായ്പ്പോഴും മാസ്ക് ധരിക്കണം എന്നാണ് പുതിയ നിർദ്ദേശം.
അതായത്, ഔട്ട്ഡോർ മേഖലകളിലും മാസ്ക് നിർബന്ധമാകും. കഠിനമേറിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ മാത്രമേ ഇതിന് ഇളവുണ്ടാകൂ.
പാർക്കിൽ നടക്കാൻ പോകുമ്പോൾ പോലും മാസ്ക് ധരിക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു. തൊട്ടടുത്തുകൂടി നടന്നുപോകുന്നവരിൽ നിന്ന് പോലും ഡെൽറ്റ വൈറസ് ബാധിക്കാനുള്ള സാധ്യത കാരണമാണ് ഇതെന്നും പ്രീമിയർ പറഞ്ഞു.
കടപ്പാട്: SBS മലയാളം