ഓസ്‌ട്രേലിയന്‍ ജനത ഏറ്റവുമധികം വിശ്വാസമര്‍പ്പിക്കുന്ന തൊഴില്‍മേഖല നഴ്‌സിംഗ്

ഓസ്‌ട്രേലിയന്‍ ജനത ഏറ്റവുമധികം വിശ്വാസമര്‍പ്പിക്കുന്ന തൊഴില്‍മേഖല നഴ്‌സിംഗാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വിശ്വാസം കുറഞ്ഞത് രാഷ്ട്രീയക്കാരെയാണെന്നും ഓസ്‌ട്രേലിയന്‍ ഗവര്‍ണന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എത്തിക്‌സ് ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു.

ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങളിലും പൊതുപ്രവര്‍ത്തകരിലും ബിസിനസുകളിലും ജനങ്ങള്‍ക്ക് എത്രത്തോളം വിശ്വാസമുണ്ട് എന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ടാണ് എത്തിക്‌സ് ഇന്‍ഡക്‌സ്.

കൊവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ച 2020ല്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലും സ്ഥാപനങ്ങളിലും വിശ്വാസം കൂടുതലായിരുന്നെങ്കില്‍, ഇപ്പോള്‍ അത് കുറഞ്ഞുവരുന്നതായാണ് ഈ ഇന്‍ഡക്‌സ് വ്യക്തമാക്കുന്നത്.

2020ലെ ആകെ എത്തിക്‌സ് ഇന്‍ഡക്‌സ് സ്‌കോര്‍ 52 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം അത് 45 ആയും, 2022ല്‍ 42 ആയും കുറഞ്ഞു.

കൊവിഡ് കാലത്ത് സര്‍ക്കാരും ആരോഗ്യമേഖലയും സ്വീകരിച്ച നടപടികള്‍ക്ക് ജനങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കിയിരുന്നുവെന്നും, ഇപ്പോള്‍ പല നടപടികളെയും സംശയത്തോടെയാണ് ജനം കാണുന്നതെന്നും ഓസ്‌ട്രേലിയന്‍ ഗവര്‍ണന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി മേഗന്‍ മോട്ടോ പറഞ്ഞു.

നഴ്‌സുമാര്‍ക്ക് വിശ്വാസ്യത കൂടുതല്‍

ജനങ്ങള്‍ക്ക് ഇപ്പോഴും ഏറ്റവുമധികം വിശ്വാസമുള്ളത് ആരോഗ്യമേഖലയെയും എമര്‍ജന്‍സി വിഭാഗത്തെയുമാണ്.

ഏറ്റവും കൂടുതല്‍ പേര്‍ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത് നഴ്‌സുമാരിലാണ്. 77 ആണ് നഴ്‌സുമാരുടെ സ്‌കോര്‍.
കഴിഞ്ഞ വര്‍ഷം ഒന്നാമതുണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങളെ മറികടന്നാണ് നഴ്‌സുമാര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.
സ്‌കോര്‍ 75മായി അഗ്നിശമന സേനാംഗങ്ങള്‍ രണ്ടാമതുണ്ട്.

ആംബുലന്‍സ് സര്‍വീസ്, മൃഗഡോക്ടര്‍, ജി പി, ഫാര്‍മസിസ്റ്റ് തുടങ്ങിയവരിലെല്ലാം ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ട്.

വിശ്വാസ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പത്ത് തൊഴില്‍ മേഖലകള്‍ ഇവയാണ്.

അതേസമയം, വിശ്വാസ്യതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് രാഷ്ട്രീയക്കാരും, ബിസിനസുകാരും ഒക്കൈയാണ്.

സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരെയാണ് ജനം ഏറ്റവും കുറച്ചു വിശ്വസിക്കുന്നത്.

മൈനസ് 22 ആണ് (-22) സംസ്ഥാന രാഷ്ട്രീയക്കാരുടെ സ്‌കോര്‍.

വിക്ടോറിയയും ന്യൂ സൗത്ത് വെയില്‍സും തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ സ്ഥാനാര്‍ത്ഥികള്‍ക്ക് അത് പ്രതീക്ഷ നല്‍കുന്നതല്ല ഈ റിപ്പോര്‍ട്ട്.

ഫെഡറല്‍ രാഷ്ട്രീയ നേതാക്കള്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, വിദേശ കമ്പനികളുടെ മേധാവികള്‍, അഭിഭാഷകര്‍, മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ തുടങ്ങിയവും വിശ്വാസ്യതയില്ലാത്തവരുടെ പട്ടികയില്‍ മുന്നിലുണ്ട്.

സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍, പാതോളജി സ്ഥാപനങ്ങളും, പ്രൈമറി സ്‌കൂളുകളും, ആശുപത്രികളുമൊക്കെയാണ് ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്നത്.

ഏറ്റവും വിശ്വാസം കുറഞ്ഞ സ്ഥാപനം സാമൂഹ്യ മാധ്യമമായ ടിക് ടോക്കാണ് (-32). ഫേസ്ബുക്ക് (-28), ട്വിറ്റര്‍ (-21), ഇന്‍സ്റ്റഗ്രാം (-12) എന്നിവയും തൊട്ടുപിന്നിലുണ്ട്.

മാധ്യമസ്ഥാപനങ്ങളിലും ജനങ്ങള്‍ക്ക് വിശ്വാസം കുറവാണ്. -9 ആണ് മാധ്യമസ്ഥാപനങ്ങളുടെ സ്‌കോര്‍.

ഫെഡറല്‍ പാര്‍ലമെന്റ്, സംസ്ഥാന പാര്‍ലമെന്റുകള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയാണ് ഏറ്റവും വിശ്വാസം കുറഞ്ഞ മറ്റു സ്ഥാപനങ്ങള്‍.

ബിസിനസുകള്‍ അഴിമതിയും, നികുതി വെട്ടിപ്പും, വ്യാജ പരസ്യങ്ങളും ചെയ്യുന്നു എന്ന വികാരവും വ്യാപകമാണ്.

കടപ്പാട്: SBS മലയാളം

Exit mobile version