നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു: സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍
പെര്‍ത്ത്: ആശുപത്രികളില്‍ നഴ്സ്-രോഗി അനുപാതം കര്‍ശനമായി പാലിച്ചാല്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് നഴ്സസ് യൂണിയനുകള്‍.
ഉയര്‍ന്ന വേതനത്തേക്കാള്‍ സര്‍ക്കാര്‍ പരിഗണന കൊടുക്കേണ്ടത് ജോലി ഭാരം കുറയ്ക്കുന്നതിനും നഴ്‌സുമാരെ നിലനിര്‍ത്തുന്നതിനുമാണെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനമായ കാന്‍ബറിയില്‍ ഇന്നാരംഭിച്ച തൊഴില്‍ ഉച്ചകോടിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
പുതുതായി നിയമിക്കുന്ന നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതിനോ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിനോ പകരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്‌സുമാരെ നിലനിര്‍ത്തുന്നതിലാണ് സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ആനി ബട്ലര്‍ പറഞ്ഞു.
ജോലി ഭാരം ലഘൂകരിക്കുന്നത് അടക്കം ആശുപത്രികളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാതെ കൂടുതല്‍ കൂടുതല്‍ നഴ്സുമാരെ നിയമിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
നിര്‍ബന്ധിത നഴ്സ്-പേഷ്യന്റ് അനുപാതം ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി അസോസിയേഷന്‍ അംഗങ്ങള്‍ ഇന്ന് 24 മണിക്കൂർ പണിമുടക്ക് നടത്തിയിരുന്നു.
ഫെഡറല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ 2021-ലെ കണക്കു പ്രകാരം, രജിസ്‌റ്റേര്‍ഡ് നഴ്സുമാരും മിഡ്വൈഫുമാരുമായ 27,285 പേര്‍ നിലവില്‍ ജോലിയില്‍ ഇല്ലെന്ന് യൂണിയന്‍ പറഞ്ഞു. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷവും ഈ കണക്കുകള്‍ വര്‍ധിക്കാനാണ് സാധ്യത.
നഴ്സുമാരില്‍ പലരും ശരിക്കും ക്ഷീണിതരാണ്. അവര്‍ക്ക് ശരിയായ വിശ്രമം ആവശ്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ അവരുടെ അവധി റദ്ദാക്കപ്പെടുകയും ജോലിയിലേക്ക് തിരികെ വിളിക്കുകയും ചെയ്തു.
യൂണിയനില്‍ 322,000-ലധികം അംഗങ്ങളാണുള്ളത്. വിക്ടോറിയ, ക്വീന്‍സ്ലന്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ നഴ്സ്-പേഷ്യന്റ് അനുപാതം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയും സൗത്ത് ഓസ്ട്രേലിയയും അത്തരമൊരു നയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ന്യൂ സൗത്ത് വെയില്‍സ്, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ടാസ്മാനിയ എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ അത്തരമൊരു നടപടിയും സ്വീകരിച്ചിട്ടില്ല.