ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. NSWൽ 11,201 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധാ നിരക്കിലേക്കാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ പ്രതിദിന കേസുകളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് ഇരട്ടിയോളമായി വർദ്ധിച്ചു.
11,201 പുതിയ കേസുകളാണ് ബുധനാഴ്ച രാവിലെ സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 6,062 കേസുകളായിരുന്നു.
സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്.
625 പേരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ചൊവ്വാഴ്ച ഇത് 557 ആയിരുന്നു.
ആശുപത്രിയിലുള്ളതിൽ 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വിക്ടോറിയയിലും കേസുകൾ അതിവേഗം ഉയരുന്നുണ്ട്. 3,767 പുതിയ രോഗബാധയും, അഞ്ചു മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച 2,738 കേസുകളായിരുന്നു വിക്ടോറിയയിൽ ഉണ്ടായിരുന്നത്.
ഡിസംബർ 15ന് ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ചതിനു പിന്നാലെയായിരുന്നു സംസ്ഥാനത്തെ കേസുകളുടെ എണ്ണം വൻതോതിൽ കുതിച്ചുയർന്ന് തുടങ്ങിയത്.
QR കോഡ് ചെക്ക് ഇന്നും, നിർബന്ധിത മാസ്ക് ഉപയോഗവും പിൻവലിച്ച സർക്കാർ, വാക്സിനെടുക്കാത്തവർക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.
എന്നാൽ രോഗബാധ കൂടിയതോടെ കെട്ടിടങ്ങൾക്കുള്ളിലെ മാസ്ക് ഉപയോഗവും, QR കോഡ് ചെക്ക് ഇന്നും പിന്നീട് വീണ്ടും നിർബന്ധമാക്കി.
നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തിൽ തെറ്റില്ലായിരുന്നുവെന്ന് പ്രീമിയർ ഡൊമിനിക് പെരോറ്റെ പറഞ്ഞു.
നിയന്ത്രണങ്ങൾ ഇളവു ചെയ്യുമ്പോൾ കേസുകൾ കൂടുമെന്ന് അറിയാമായിരുന്നുവെന്നും, ഇപ്പോഴും ന്യൂ സൗത്ത് വെയിൽസിലെ സാഹചര്യം മോശമായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കടപ്പാട്: SBS മലയാളം