ഓസ്‌ട്രേലിയന്‍ മലയാളികളുടെ എണ്ണം 78,000 ആയി ഉയർന്നു
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഓസ്ട്രേലിയന്‍ മലയാളികളില്‍ 25,532 പേരുടെ വര്‍ദ്ധനവുണ്ടായെന്ന് സെന്‍സസ് റിപ്പോര്‍ട്ട്.
2021ലെ സെന്‍സസിന്റെ റിപ്പോര്‍ട്ടാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കുതിച്ചുയരുന്നതായി സെന്‍സസ് വ്യക്തമാക്കുന്നു.
ഇതോടൊപ്പം, രാജ്യത്ത് ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണവും വന്‍ തോതില്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
മലയാളികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ദ്ധനവാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്.
78,738 മലയാളികളാണ് ഓസ്‌ട്രേലിയയിലുള്ളത്.
2016ലെ സെന്‍സസ് പ്രകാരം 53,206 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് 25,532പേരുടെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
വീട്ടില്‍ സംസാരിക്കുന്ന ഭാഷയേത് എന്ന സെന്‍സസ് ചോദ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ് ഇത്.
കഴിഞ്ഞ സെന്‍സസിനെപ്പോലെ ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. 25,342 പേര്‍.
രണ്ടാം സ്ഥാനത്ത് ന്യൂ സൗത്ത് വെയില്‍സാണ് – 20,890 പേര്‍.
2006ലെ സെന്‍സസില്‍ 5,900 ഉം, 2011 ല്‍ 25,111 മായിരുന്നു ഓസ്‌ട്രേലിയയിലെ മലയാളികളുടെ എണ്ണം.
മറ്റ് ഇന്ത്യന്‍ ഭാഷകള്‍
ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ഹിന്ദിയെ മറികടന്ന് പഞ്ചാബി ഏറെ മുന്നിലെത്തി.
2,39,033 പേരാണ് പഞ്ചാബി പ്രധാന ഭാഷയായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സെന്‍സസില്‍ ഇത് 1,32,496 ആയിരുന്നു.
ഹിന്ദി സംസാരിക്കുന്ന 1,97,132 പേരാണ് ഉള്ളത്. 2016ലെ 1,59,652ല്‍ നിന്നാണ് ഇത്രയുമായി കൂടിയത്.
കടപ്പാട്: SBS മലയാളം