ന്യൂ സൗത്ത് വെയിൽസിൽ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 85 ശതമാനമായതോടെ മാർഗരേഖയുടെ അടുത്ത ഘട്ടം സർക്കാർ പുറത്തുവിട്ടു. ഡിസംബർ ഒന്നോടെ സംസ്ഥാനം കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതത്തിലേക്ക് മാറുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനം കടന്നതോടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയിരുന്നു.
സംസ്ഥാനത്ത് കെട്ടിടത്തിന് പുറത്തുള്ള നീന്തൽക്കുളങ്ങൾ ഇന്ന് (തിങ്കളാഴ്ച) മുതൽ തുറന്നു പ്രവർത്തിക്കും. നിർമ്മാണ മേഖലയും പൂർണമായും പ്രവർത്തനം തുടങ്ങി.
വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 85 ശതമാനം കഴിഞ്ഞതോടെ കൂടുതൽ ഇളവുകൾ നൽകുന്നതിനുള്ള മാർഗരേഖ സർക്കാർ പുറത്തുവിട്ടു.
രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമ്പോഴുള്ള ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചത്.
മാർഗരേഖ പ്രകാരം ഒക്ടോബർ 11 മുതൽ ലോക്ക്ഡൗൺ പിൻവലിച്ചുകൊണ്ടുള്ള ഇളവുകൾ തുടങ്ങും. എന്നാൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഈ ഇളവുകൾ.
ഇളവുകൾ
- ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലേക്കുള്ള യാത്രകൾ പുനരാരംഭിക്കും.
- രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച 10 പേർക്ക് വീടുകളിൽ ഒത്തുചേരാം
- കമ്മ്യൂണിറ്റി കായിക വിനോദങ്ങൾ തുടങ്ങും
- രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കാം
- രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഹെയർഡ്രെസ്സിംഗിന് പോകാം
- ഹോസ്പിറ്റാലിറ്റി മേഖലകൾ തുറക്കും
- ജനങ്ങൾക്ക് ആരാധനാലയങ്ങളിൽ ഒത്തുചേരാം
സംസ്ഥാനത്ത് ഡിസംബർ ഒന്നോടെ വാക്‌സിൻ സ്വീകരിക്കാൻ യോഗ്യരായ 90 ശതമാനം പേരും ഇത് സ്വീകരിച്ചു കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതോടെ മാർഗ്ഗരേഖയുടെ അവസാന ഘട്ടം നടപ്പാക്കും.
മാർഗരേഖയുടെ അവസാന ഘട്ടം
- എല്ലാ നിയന്ത്രണങ്ങളും ഇളവ് ചെയ്യും. രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ നിലനിൽക്കും
- ഡിസംബർ ഒന്ന് മുതൽ വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും തുല്യ നിയമങ്ങളാകും
- കെട്ടിടത്തിനകത്ത് മാസ്ക് നിർബന്ധമല്ല
- കെട്ടിടത്തിനകത്തുള്ള നീന്തൽക്കുളങ്ങളും നിശാക്ലബുകളും തുറന്ന് പ്രവർത്തിക്കും
മാത്രമല്ല, രാജ്യാന്തര യാത്രകൾക്കായി ബുക്ക് ചെയ്യാൻ കഴിഞ്ഞേക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഒക്ടോബർ 11 മുതലുള്ള ഇളവുകൾ ലഭിക്കുകയില്ലെന്നും, ഇളവുകൾ ലഭിക്കാനായി ഡിസംബർ ഒന്ന് വരെ ഇവർ കാത്തിരിക്കേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു.
നിലവിൽ 16 വയസിന് മേൽ പ്രായമായ 60 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞതായും സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് 12നും 15 നുമിടയിലുള്ള 40 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചു.
സംസ്ഥാനത്ത് 787 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടപ്പാട്: SBS മലയാളം