NSWലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സർക്കാരിന്റെ പ്രചാരണ പരിപാടി

ന്യൂ സൗത്ത് വെയില്സിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനായി സംസ്ഥാനത്തെ സ്ഥലങ്ങളുടെ പരസ്യം നൽകി സർക്കാർ പ്രചാരണം നടത്തുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും രാജ്യാന്തര യാത്രക്കാരെയും ലക്ഷ്യമിട്ടാണ് പരസ്യം.

സിഡ്‌നിയിലെ 100 ദിവസത്തിലധികം നീണ്ട ലോക്ക്ഡൗൺ പിൻവലിച്ചതോടെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും ആകർഷണീയമായ സ്ഥലങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പരസ്യമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

‘ഫീൽ ന്യൂ’ എന്നാണ് ഈ പ്രചാരണ പരിപാടിയുടെ പേര്.

ടി വി യിലും, പത്രങ്ങളിലും, സമൂഹമാധ്യമങ്ങളിലും നൽകാൻ ഉദ്ദേശിക്കുന്ന ഈ പരസ്യത്തിന്റെ നിർമാണത്തിന് രണ്ട് മില്യൺ ഡോളറാണ് ചിലവ്.

വിവിധ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുന്നതിനായി 10 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്.

ആഭ്യന്തര യാത്രക്കാരെയും രാജ്യാന്തര യാത്രക്കാരെയും ലക്ഷ്യമിട്ടാണ് പരസ്യം.

സംസ്ഥാന-രാജ്യാന്തര അതിർത്തികൾ തുറക്കുന്നതോടെ ഇത് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് ടൂറിസം മന്ത്രി സ്റ്റുവർട്ട് അയേഴ്‌സ് ചൂണ്ടിക്കാട്ടി.

ഈ മാസമാദ്യം സിഡ്‌നിയിലെ ലോക്ക്ഡൗൺ അവസാനിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ 100 മുതൽ 200 ശതമാനം വരെ ബുക്കിംഗ് ഉയർന്നിട്ടുണ്ട്. സിഡ്നി ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവരുടെ എണ്ണവും 20 മുതൽ 25 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്.

എല്ലാ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഈ പ്രചാരണമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ പറഞ്ഞു.

സംസ്ഥാനത്തെ, ഏഷ്യ പസിഫിക് മേഖലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും, 2030 ഓടെ 65 ബില്യൺ ഡോളർ ഈ ഇനത്തിൽ നേടാൻ കഴിയുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.

ന്യൂ സൗത്ത് വെയിൽസിലെ നിയന്ത്രണങ്ങൾ ഇളവ് ചെയ്തപ്പോൾ ആദ്യം ഓസ്‌ട്രേലിയ്ക്കുള്ളിൽ നിന്നുള്ള യാത്രക്കാരെയാണ് അനുവദിച്ചിരുന്നത്. എന്നാൽ പൂർണമായും വാക്‌സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്കും നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെത്താം.

സംസ്ഥാനത്ത് എത്തുന്ന വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version