ന്യൂ സൗത്ത് വെയിൽസിൽ QR കോഡ് ചെക്ക് ഇൻ നിർബന്ധമാക്കുന്നു

ന്യൂ സൗത്ത് വെയിൽസിൽ കോൺടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാൻ എല്ലാ ബിസിനസുകളിലും QR കോഡ് സംവിധാനം നിർബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കൊവിഡ് ബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ടാസ്മേനിയയും QR കോഡ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചു.

കൊവിഡ് ബാധ അതിവേഗം പടരുന്നതിനിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുന്നത് ലക്ഷ്യമിട്ടാണ് ന്യൂ സൗത്ത് വെയിൽസ് QR കോഡ് സംവിധാനം നിർബന്ധമാക്കുന്നത്.

ഇതോടെ ന്യൂ സൗത്ത് വെയിൽസിലെ റീറ്റെയ്ൽ ബിസിനസുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുമ്പോൾ QR കോഡ് നിർബന്ധമായും സ്കാൻ ചെയ്യണം.

കൂടാതെ സംസ്ഥാനത്തെ ഓഫീസുകൾ, ജിമ്മുകൾ, ഫാക്ടറികൾ, വെയർഹൗസുകൾ, സ്കൂളുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിലും ഇത് നിർബന്ധമാക്കും.

എന്നാൽ സ്കൂൾ വിദ്യാർത്ഥികൾ QR കോഡ് സംവിധാനം ഉപയോഗിക്കേണ്ടതില്ല.

ഇത് ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

എന്നാൽ ബിസിനസുകൾ QR സംവിധാനം എത്രയും വേഗം ഉപയോഗിച്ച് തുടങ്ങണമെന്നും, ജൂലൈ 12 വരെ കാത്തിരിക്കേണ്ടതില്ലെന്നും കസ്റ്റമർ സർവീസ് മന്ത്രി വിക്റ്റർ ഡോമിനലോ പറഞ്ഞു.

സൂപ്പർമാർക്കറ്റ് ശൃംഖലയായ കോൾസും വൂൾവർത്സും ചെക്ക് ഇൻ സംവിധാനം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് QR കോഡ് ചെക്ക് ഇൻ നടപ്പാക്കിയിട്ടുണ്ടെങ്കിലും നിലവിൽ ഇത് നിർബന്ധമല്ല.

ബിസിനസുകളിൽ എത്തുന്ന ഉപഭോക്താക്കളെയും, അവിടുത്തെ ജീവനക്കാരെയും സുരക്ഷിതരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോമിനലോ അറിയിച്ചു.

സർവീസ് NSW ആപ്പ് ഉപയോഗിച്ചാണ് ബിസിനസുകളിൽ എത്തുന്നവർ ചെക്ക് ഇൻ ചെയ്യേണ്ടത്.

ഹോസ്പിറ്റാലിറ്റി മേഖലയിലും ഇത് ബാധകമാണ്. ടേക്ക്എവേ ആയി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും QR കോഡ് സംവിധാനം ഉപയോഗിക്കണമെന്ന് മന്ത്രി ഡൊമിനലോ അറിയിച്ചു.

കോൺടാക്ട് ട്രേസിംഗ് കാര്യക്ഷമാക്കാനുള്ള സർവീസ് NSW ആപ്പിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ഉപയോഗിച്ചാവും സമ്പർക്ക പട്ടിക സന്ദർശിച്ചവരുടെ വിവരങ്ങൾ കണ്ടെത്തുന്നത്.

ഈ ആപ്പിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ 28 ദിവസങ്ങൾക്ക് ശേഷം ഡിലീറ്റ് ചെയ്യുമെന്നും, NSW ഹെൽത്തിനും സർവീസ് NSW നും മാത്രമേ ഈ ഡാറ്റ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുള്ളുവെന്നും സർക്കാർ വ്യക്തമാക്കി.

ന്യൂ സൗത്ത് വെയിൽസിനു പുറമെ ടാസ്മേനിയയും QR കോഡ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചു. ഷോപ്പിംഗ് സെന്ററുകളിലും, പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റുകളും എത്തുന്നവർ TAS ആപ്പ് ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യണമെന്നും അടുത്തയാഴ്ച മുതൽ ഇത് നടപ്പാക്കുമെന്നും പ്രീമിയർ പീറ്റർ ഗട്ട് വെയ്‌ൻ അറിയിച്ചു.

കൊവിഡ് ബാധ വീണ്ടും പൊട്ടിപ്പുറപ്പെട്ട ജൂൺ മുതൽ വിക്ടോറിയയിൽ QR കോഡ് സംവിധാനം നിർബന്ധമാക്കിയിരിക്കുകയാണ്. എല്ലാ ബിസിനസുകളും സന്ദർശിക്കുന്നവർ സർവീസ് വിക്ടോറിയ ആപ്പ് ഉപയോഗിച്ചാണ് ചെക്ക് ഇൻ ചെയ്യേണ്ടത്.

നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 1,652 ഡോളർ പിഴ ഈടാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version