ദയാവധം നിയമവിധേയമാക്കാൻ NSW

ന്യൂ സൗത്ത് വെയിൽസിൽ ദയാവധം നിയമ വിധേയമാക്കാൻ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച ബിൽ ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാരക രോഗങ്ങൾ ബാധിച്ചവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധം മറ്റ് സംസ്ഥാനങ്ങൾ നിയമവിധേയമാക്കിയിരുന്നു.

ന്യൂ സൗത്ത് വെയിൽസിൽ ഇത് സംബന്ധിച്ച നിയമം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

ഇതിനായുള്ള വോളന്ററി അസ്സിസ്റ്റഡ് ഡയിങ് ബിൽ സ്വതന്ത്ര എം പി അലക്സ് ഗ്രീൻവിച്ച് പാർലമെന്റിൽ അവതരിപ്പിക്കും. നിരവധി ലേബർ എം പി മാർ ബില്ലിന് പിന്തുണ നൽകിയിട്ടുണ്ട്.

NSW ഹെൽത്ത് സർവീസസ് യൂണിയനും, NSW നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് അസോസിയേഷനും ബില്ലിന് പിന്തുണ നൽകി.

മാരക രോഗം ബാധിച്ച നിരവധി പേർ ബുദ്ധിമുട്ടുകൾ നേരിടുന്നത് ആരോഗ്യപ്രവർത്തകർ കാണുന്നുണ്ട്. അതിനാൽ, ഇവർ ഡോക്ടറെ സമീപിച്ച് ദയാവധത്തിനായുള്ള സാധ്യതകൾ തേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അലക്സ് ഗ്രീവിച്ച് എം പി ചൂണ്ടിക്കാട്ടി.

ബിൽ വ്യാഴാഴ്ചയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.

ബിൽപ്രകാരം മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ള രോഗികൾക്കാണ് ദയാവധത്തിനുള്ള അവകാശം.

പദ്ധതിയിൽ പങ്കാളികളാകാൻ ഡോക്ടർമാരെയും നഴ്‌സ്മാരെയും നിർബന്ധിക്കില്ല. എന്നാൽ ഒരു വ്യക്തി ദയാവധം അഭ്യർഥിച്ചാൽ രണ്ട് ഡോക്ടർമാർ ഈ അഭ്യർത്ഥന വിലയിരുത്തേണ്ടതാണെന്ന് ഗ്രീൻവിച്ച് വ്യക്തമാക്കി.

നാഷണൽ സീനിയേഴ്സ് ഓസ്ട്രേലിയ 3,500 പേരിൽ നടത്തിയ സർവേയിൽ 85 ശതമാനത്തിലേറെ പേർ ദയാവധത്തെ അനുകൂലിച്ചിരുന്നു.

ലിബറൽ പാർട്ടി ഇക്കാര്യത്തിൽ മനസാക്ഷി വോട്ട് പരിഗണിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ പറഞ്ഞു.

സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും, ബിൽ ഇരു സഭകളിലും പാസായിരുന്നില്ല.

2017ലാണ് ബിൽ NSW പാർലമെന്റിന്റെ ഉപരിസഭയിൽ പരാജയപ്പെട്ടത്.

ഇത്തവണ ബിൽ പാർലമെന്ററിൽ പാസായാൽ ദയാവധം നിയമവിധേയമാക്കുന്ന ഓസ്‌ട്രേലിയയിലെ അവസാനത്തെ സംസ്ഥാനമാകും ന്യൂ സൗത്ത് വെയിൽസ്.

വിക്ടോറിയ, ടാസ്മേനിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ക്വീൻസ്ലാൻറ്, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങൾ ദയവായി നേരത്തെ തന്നെ നിയമവിധേയമാക്കിയിരുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version