സിഡ്നിയിലെ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കി
സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. അനുവദനീയമായ വ്യാപാര സ്ഥാപനങ്ങൾ മാത്രമേ ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് സർക്കാർ നിർദ്ദേശിച്ചു.
ഗ്രേറ്റർ സിഡ്നിയിലെ ലോക്ക്ഡൗൺ മൂന്നാഴ്ച പിന്നിട്ടിട്ടും ഡെൽറ്റ വേരിയന്റ് വൈറസ് ബാധ ഒട്ടും കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ലോക്ക്ഡൗൺ കർശനമാക്കാൻ ഗ്ലാഡിസ് ബെറെജെക്ലിയൻ സർക്കാർ മടി കാണിക്കുന്നു എന്ന് ആരോഗ്യമേഖലയിൽ നിന്നുൾപ്പെടെ വിമർശനമുയർന്നിരുന്നു.
ശനിയാഴ്ച അർദ്ധരാത്രി മുതൽ ജൂലൈ 30 വരെയാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
അനുവദനീയമായ വ്യാപാരസ്ഥാപനങ്ങൾ മാത്രമേ ഈ കാലയളവിൽ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ. മറ്റെല്ലാ റീട്ടെയിൽ സ്ഥാപനങ്ങളും അടച്ചിടണം.
അനുവദനീയമായ സ്ഥാപനങ്ങൾ ഇവയാണ്:
- സൂപ്പർമാർക്കറ്റുകളും ഗ്രോസറി സ്റ്റോറുകളും (പഴം, പച്ചക്കറി, മാംസം, മത്സ്യം മദ്യം, ബേക്കറി എന്നിവ ഉൾപ്പെടെ)
- ആരോഗ്യ ഉത്പന്നങ്ങളും, ഗർഭിണികൾക്കും കുട്ടികൾക്കുമായുള്ള ഉത്പന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ
- ഫാർമസിയും കെമിസ്റ്റും
- പെട്രോൾ സ്റ്റേഷൻ
- കാർ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ
- ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും
- ഹാർഡ്വെയർ കടകൾ, നഴ്സറികൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന മറ്റു കടകൾ
- കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ
- വളർത്തുമൃഗങ്ങൾക്കായുള്ള കടകൾ
- പോസ്റ്റ് ഓഫീസും ന്യൂസ് ഏജന്റും
- ഓഫീസ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ
മറ്റു സ്ഥാപനങ്ങൾ ക്ലിക്ക് ആന്റ് കളക്ട് രീതിയിലേക്കോ, ഡെലിവറി രീതിയിലേക്കോ മാറണം.
വൈറസ് ബാധ രൂക്ഷമായ മൂന്നു പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഫെയർഫീൽഡ്, കാന്റർബറി-ബാങ്ക്സ്ടൗൺ, ലിവർപൂൾ എന്നീ മേഖലകളിൽ ജീവിക്കുന്നവർ ഞായറാഴ്ച മുതൽ ജോലിക്കായി ഈ മേഖലകൾക്ക് പുറത്തേക്ക്പോകാൻ പാടില്ല. ആരോഗ്യമേഖലാ ജീവനക്കാർക്കും എമർജൻസി വിഭാഗം ജീവനക്കാർക്കും മാത്രമാണ് ഇതിൽ ഇളവ്.
ആരോഗ്യ-എമർജൻസി വിഭാഗം ജീവനക്കാർ പുറത്തേക്ക് ജോലിക്ക് പോകുന്നുണ്ടെങ്കിൽ മൂന്നു ദിവസം കൂടുമ്പോൾ പരിശോധന നടത്തണം.
ഞായറാഴ്ച മുതൽ വീട്ടിന് പുറത്തേക്കിറങ്ങുന്നവർ എല്ലാ സമയവും മാസ്ക് കൈവശം കരുതണമെന്നതും നിർബന്ധമാക്കി. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുമ്പോഴും, ഔട്ട്ഡോർ മാർക്കറ്റുകൾ, വഴിയോരക്കടകൾ, കോഫീഷോപ്പുകളിലെ ക്യൂ എന്നിവയിലെല്ലാം മാസ്ക് ധരിക്കണം.
ഗ്രേറ്റർ സിഡ്നി മേഖലയിൽ ഒരേ വീട്ടിൽ താമസിക്കുന്നവർ അല്ലാതെ കാറിൽ ഒരുമിച്ച് യാത്ര ചെയ്യാനും പാടില്ല.
ജൂലൈ 19 തിങ്കളാഴ്ച മുതൽ
എല്ലാ നിർമ്മാണ മേഖലാ ജോലികളും നിർത്തിവയ്ക്കണം.
അടിയന്തരസാഹചര്യത്തിലല്ലാതെ എല്ലാ അറ്റകുറ്റപ്പണികളും നിർത്തിവയ്ക്കണം. ശുചീകരണം, വീടുകളിലെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കും നിയന്ത്രണം ബാധകം
ജൂലൈ 21 ബുധനാഴ്ച മുതൽ
വർക്ക് ഫ്രം ഹോം സാധ്യമായ സാഹചര്യത്തിൽ ജീവനക്കാരെ ഓഫീസിലേക്ക് വരാൻ നിർബന്ധിക്കരുത്. അങ്ങനെ നിർബന്ധിച്ചാൽ തൊഴിലുടമകൾക്ക് 10,000 ഡോളർ വരെ പിഴ ലഭിക്കും.
സിഡ്നിയിൽ 111 പേർക്ക് കൂടി പുതുയാി വൈറസ്ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഈ നിയന്ത്രണങ്ങൾ.
ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 90 വയസിനു അടുത്ത് പ്രായമുള്ള ഒരാളാണ് മരിച്ചത്. ഒരാഴ്ചക്കിടയിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് ഇത്.
കടപ്പാട്: SBS മലയാളം