NSWൽ പ്രതിദിന കേസുകൾ പുതിയ ദേശീയ റെക്കോർഡിലേക്ക്

ഓസ്‌ട്രേലിയയിലെ ഒരു സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കേസുകളുടെ പുതിയ റെക്കോർഡ് ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്തു. പുതിയ 3,057 കേസുകൾ സ്ഥിരീകരിച്ചു.

പ്രതിദിന കൊവിഡ് കേസുകളുടെ പുതിയ റെക്കോർഡ് ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്തു. 

സംസ്ഥാനത്ത് ഡിസംബർ 19 ന് റിപ്പോർട്ട് ചെയ്ത 2,566 കേസുകളായിരുന്നു ഇതുവരെ ഓസ്‌ട്രേലിയയിൽ ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകൾ.  

ചൊവ്വാഴ്ച 3,057 കേസുകൾക്ക് പുറമെ രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധിച്ച 284 പേരാണ് ന്യൂ സൗത്ത് വെയിൽസിലെ ആശുപത്രികളിൽ ചികിത്സ തേടുന്നത്. 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെയും ടെറിറ്ററികളിലെയും നേതാക്കളുമായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

അതിർത്തി തുറന്നതും നിയന്ത്രണങ്ങൾ പിൻവലിച്ചതും ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അടിയന്തര ദേശീയ ക്യാബിനറ്റ് യോഗത്തിൽ ബുധനാഴ്ച ചർച്ച ചെയ്യുക. 

ഒമിക്രോൺ വൈറസ് വകഭേദം അതിവേഗം പടരുന്നതിനാൽ പൊതുജനം കൂടുതൽ കരുതലെടുക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ അധികൃതർ ആവശ്യപ്പെട്ടു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് ധരിക്കാനാണ് ന്യൂ സൗത്ത് വെയിൽസ് അധികൃതർ നിർദ്ദേശിക്കുന്നത്.

കെട്ടിങ്ങൾക്ക് ഉള്ളിൽ മാസ്ക് നിർബന്ധമാക്കാൻ ആരോഗ്യ വിദഗ്ദ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version