ന്യൂ സൗത്ത് വെയിൽസിൽ 124 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

ന്യൂ സൗത്ത് വെയിൽസിൽ 124 പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഈ വർഷം കൊവിഡ്ബാധ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണിത്.

സംസ്ഥാനത്ത് ജൂണിൽ പൊട്ടിപ്പുറപ്പെട്ട ഡെൽറ്റ വേരിയന്റ് നിയന്ത്രണാതീതമായി വർദ്ധിക്കുകയാണ്.

124 പുതിയ കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം കൊവിഡ് ബാധ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണിത്.

പുതിയ രോഗബാധിതരിൽ 48 പേരും സമൂഹത്തിലുണ്ടായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.

ഇത് ഏറെ ആശങ്കാജനകമാണെനന്നും വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും പ്രീമിയർ പറഞ്ഞു.

രോഗബാധിതരാണെന്ന് കരുതി വേണം ഓരോരുത്തരോടും ഇടപെടുന്നതെന്ന് പ്രീമിയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

തെക്കൻ സിഡ്‌നിയിലെ ഒരു ഏജ്ഡ് കെയറിലെ നഴ്സിന് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ഏജ്ഡ് കെയർ ലോക്ക്ഡൗൺ ചെയ്തു . കിരാവിയിലെ ദി പാംസ് ഏജ്ഡ് കെയറാണ് ലോക്ക്ഡൗൺ ചെയ്തത്. ഇതോടെ ഇവിടെ കഴിയുന്ന പ്രായമായ 65 പേർ ഐസൊലേഷനിലാണ്. പരിശോധനയിൽ ഇവർക്ക് കോവിഡ് കണ്ടെത്തിയിട്ടില്ല.

ബെൽറോസിലുള്ള ഒരു ഏജ്ഡ് കെയറിലെ രണ്ട് ജീവനക്കാർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 85,000 പരിശോധനകളാണ് നടത്തിയത്. 118 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്തെ ആശുപത്രികളിൽ കഴിയുന്നത്.

ഇതിൽ 28 പേർ തീവ്രപരിചരണ വിഭാഗത്തിലും 14 പേർ വെന്റിലേറ്ററിലുമാണ്. നിലവിൽ ആശുപത്രിയിൽ കഴിയുന്നവരിൽ 15 പേരും 35 വയസ്സിൽ താഴെ പ്രായമായവരാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിലെ ജെറെമി മക് അനൽറ്റി ചൂണ്ടിക്കാട്ടി.

ന്യൂ സൗത്ത് വെയിൽസിൽ വൈറസ്ബാധ കൂടിയതോടെ സംസ്ഥാനവുമായുള്ള അതിർത്തി അടയ്ക്കാൻ ക്വീൻസ്ലാൻറ് തീരുമാനിച്ചു. വെളിയാഴ്ച (നാളെ) വെളുപ്പിനെ ഒരു മണി മുതലാണ് അതിർത്തി അടയ്ക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിനെ നാലാഴ്ചത്തേക്ക് ഹോട്ട്സ്പോട്ടായാണ് കണക്കാക്കുന്നതെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ പറഞ്ഞു.

വിക്‌ടോറിയയിൽ 26 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. നേരത്തെ സ്ഥിരീകരിച്ച കേസുകളുമായി ബന്ധമുള്ളതാണ് ഇവ. വീണ്ടും രോഗബാധ തുടങ്ങിയതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.

സൗത്ത് ഓസ്‌ട്രേലിയയിലും രണ്ട് പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. 20 വയസിന് മേൽ പ്രായമായ സഹോദരങ്ങൾക്കാണ് വൈറസ് ബാധിച്ചത്.

കടപ്പാട്: SBS മലയാളം

Exit mobile version