NSWൽ പ്രതിദിന കേസ് 1000 കടന്നു

ന്യൂ സൗത്ത് വെയിൽസിൽ 1,029 പുതിയ പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ പ്രതിദിന കൊവിഡ്ബാധ 1,000 കടന്നു. സംസ്ഥാനത്ത് 1,029 വൈറസ്ബാധയാണ് ഇന്ന് (വ്യാഴാഴ്ച) സ്ഥിരീകരിച്ചത്.

ഓസ്‌ട്രേലിയയിൽ ഒരു പ്രദേശത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.

പുതിയ രോഗബാധിതരിൽ 91 പേരാണ് രോഗബാധയുള്ളപ്പോൾ പൂർണമായും ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്.

മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 നും, 60 നും, 80 നും മേൽ പ്രായമായ മൂന്ന് പുരുഷന്മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവർ വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ലായിരുന്നുവെന്ന് സർക്കാർ അറിയിച്ചു.

ഇതോടെ ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ട ശേഷം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 79 ആയി.

ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിൽ വൈറസ്ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ സെപ്റ്റംബർ 10 വരെ നീട്ടി.

ഈ വാരാന്ത്യം വരെയായിരുന്നു ലോക്ക്ഡൗൺ. ഇതാണ് വീണ്ടും നീട്ടിയത്.

വാക്‌സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ

അതിനിടെ, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.

വൈറസ്ബാധ കൂടുതൽ ആശങ്ക പടർത്തുന്ന 12 കൗൺസിൽ പ്രദേശങ്ങൾക്ക് പുറത്തുള്ളവർക്ക്, കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം. അഞ്ച് പേർക്ക് വരെയാണ് ഒത്തുചേരാവുന്നത്. ഇവർ താമസിക്കുന്ന കൗൺസിൽ മേഖലയിലോ, അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലോ ആണ് ഇത് അനുവദിച്ചരിക്കുന്നത്.

എന്നാൽ, ഒത്തുചേരുന്നവർ വാക്‌സിൻ സ്വീകരിച്ചിരിക്കണം.

രോഗബാധ കൂടുതലുള്ള കൗൺസിൽ മേഖലകളിൽ ഉള്ള വാക്‌സിൻ സ്വീകരിച്ചവർക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ വാക്‌സിൻ സ്വീകരിച്ച മുതിർന്നവർക്ക് പിക്‌നിക്കിനായും മറ്റും കെട്ടിടത്തിന് പുറത്തു ഒത്തുചേരാം. എന്നാൽ നിലവിലെ നിർദ്ദേശം പാലിച്ചുകൊണ്ട് വേണം ഇത്. ഒരു മണിക്കൂർ മാത്രമേ ഇതിനായി അനുവദിച്ചിട്ടുള്ളു. വ്യായാമത്തിന് അനുവദിച്ചിട്ടുള്ള ഒരു മണിക്കൂറിന് പുറമെയാണിത്.

മാത്രമല്ല, അഞ്ച് കിലോമീറ്റർ പരിധിയും ബാധകമാണ്.

സെപ്റ്റംബർ 13നു 12.01am മുതലാണ് ഇളവുകൾ നടപ്പാക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ 700നടുത്ത് പേരാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 116 പേർ തീവ്രപരിചരണ വിഭാഗത്തിലും 43 പേർ വെന്റിലേറ്ററിലുമാണ്.

ഒക്ടോബർ ആദ്യത്തോടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 70 ശതമാനമാകുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version