ന്യൂ സൗത്ത് വെയിൽസിൽ 818 പ്രാദേശിക കൊവിഡ്ബാധ

ന്യൂ സൗത്ത് വെയിൽസിൽ 818 പ്രാദേശിക കൊവിഡ്ബാധ സ്ഥിരീകരിച്ചു. വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്ത വൈറസ്‌ബാധിതരിൽ 400ലേറെയും കുട്ടികളും കൗമാരപ്രായക്കാരുമാണ്.

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് 800നു മേൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി 818 കേസുകൾ സ്ഥിരീകരിച്ചിന് പുറമെ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

80നു മേൽ പ്രായമായ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പുതിയ കേസുകളിൽ 120 കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളുമായി ബന്ധമുള്ളതാണ്. 698 കേസുകളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

സംസ്ഥാനത്ത് വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 200ലേറെയും ഒമ്പത് വയസിന് താഴെ പ്രായമുള്ള കുട്ടികളാണ്.

ഒമ്പത് വയസിന് താഴെ പ്രായമായ 204 കുട്ടികളും, 10നും 19നുമിടയിൽ പ്രായമായ 276 കുട്ടികളുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും റിപ്പോർട്ട് ചെയ്ത കേസുകളിൽ ഉൾപ്പെടുന്നത്.

ജൂണിൽ ഡെൽറ്റ വേരിയന്റ്റ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് 13,022 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ വൈറസ്ബാധ രൂക്ഷമാകുന്നതിനെത്തുടർന്ന് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ഇന്ന് (തിങ്കളാഴ്ച) 12.01am മുതൽ രോഗബാധ കൂടുതലുള്ള 12 പ്രദേശങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.

കൂടാതെ, വ്യായാമം ചെയ്യുമ്പോൾ ഒഴികെ മാസ്ക് ധരിക്കണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

മാത്രമല്ല ബണ്ണിങ്‌സ്, ഓഫീസ് വർക്സ് തുടങ്ങിയ റീറ്റെയ്ൽ സംവിധാനങ്ങൾ ക്ലിക്ക് ആൻഡ് കളക്ട് സംവിധാനത്തിലേക്ക് മാറും.

കടപ്പാട്: SBS മലയാളം

Exit mobile version