NSWൽ 466 പുതിയ കൊവിഡ് കേസുകൾ; കൂടുതൽ നിയന്ത്രണങ്ങൾ
ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി മാറുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 466 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതിനൊപ്പം, നാലു പേർ കൂടി മരിക്കുകയും ചെയ്തു.
കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷമുള്ള ഏറ്റവും ആശങ്കാജനകമായ ദിവസമാണ് ഇതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
24 മണിക്കൂറിൽ 466 പേർക്കാണ് പ്രാദേശികമായി കൊറോണവൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്.
1.3 ലക്ഷം പരിശോധനകൾ സംസ്ഥാനത്ത് നടത്തിയിരുന്നു.
നാലു പേർ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ 50 വയസിൽ താഴെയുള്ള സ്ത്രീയാണ്. വാക്സിനെടുക്കാത്ത ഇവർ, പാലിയേറ്റീവ് കെയറിൽ കഴിയുകയായിരുന്നു.
ഒറ്റ ദിവസം കൊണ്ട് പുതിയ കേസുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വർദ്ധനവും ഇതാണെന്ന് പ്രീമിയർ പറഞ്ഞു. 390 കേസുകളായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
പുതിയ കേസുകളിൽ കുറഞ്ഞത് 68 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.
സംസ്ഥാനത്തെ കൂടുതൽ മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉടലെടുക്കുകയാണെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.