ഒന്നര മാസമായി തുടരുന്ന ലോക്ക്ഡൗണിനിടയിലും ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് ബാധ പുതിയ റെക്കോർഡിലെത്തി.
ന്യൂ സൗത്ത് വെയിൽസിൽ 356 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്
കൊവിഡ് തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രാദേശിക രോഗബാധയാണ് ഇത്.
മൂന്നു പേർ കൂടി കൊവിഡ് മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു പേരും വാക്സിനെടുത്തിരുന്നില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
പുതിയ കേസുകളിൽ മൂന്നിലൊന്നും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്നും പ്രീമിയർ വ്യക്തമാക്കി.
കാന്റർബറി-ബാങ്ക്സ്ടൗൺ മേഖലയിലാണ് ഇപ്പോൾ രോഗബാധ ഏറ്റവും വർദ്ധിക്കുന്നതെന്നും, മറ്റു പ്രദേശങ്ങളിൽ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
സമൂഹത്തിൽ സജീവമായ രോഗബാധിതരുടെ എണ്ണം കൂടി വന്നിട്ടും എന്തുകൊണ്ട് ഉരുക്കുവലയം പോലുള്ള കർശന നടപടികളിലേക്ക് കടക്കുന്നില്ല എന്ന ചോദ്യത്തിന്, “ഇത് ഡെൽറ്റ വൈറസാണ്, അത്തരം നടപടികൾ കൊണ്ട് ഫലമുണ്ടാകില്ല” എന്നാണ് പ്രീമിയർ പ്രതികരിച്ചത്.
രാജ്യം മുമ്പു കണ്ട കൊവിഡ് ബാധ പോലെയല്ല ഡെൽറ്റ വൈറസ് ബാധയെന്നും, അതിനാൽ മുമ്പ് പരീക്ഷിച്ചുവിജയിച്ച രീതികൾ ഇപ്പോൾ വിജയിക്കില്ലെന്നും പ്രീമിയർ പറഞ്ഞു. എന്നാൽ, കൂടുതൽ കർശന നടപടികൾ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം ലഭിച്ചാൽ അത് നടപ്പാക്കുമെന്നും പ്രീമിയർ പറഞ്ഞു.
പരമാവധി പേർ വാക്സിനെടുക്കുക എന്നതാണ് ഡെൽറ്റ വൈറസിനെതിരെയുള്ള മികച്ച പ്രതിരോധമെന്ന് പ്രീമിയർ അഭിപ്രായപ്പെട്ടു. അതാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന പ്രധാന നയമെന്നും ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
സമൂഹത്തിൽ സജീവമായ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മാനദണ്ഡമാക്കുക എന്ന് പ്രീമിയർ നേരത്തേ സൂചിപ്പിച്ചിരുന്നു.
എന്നാൽ, കൂടുതൽ പേർ വാക്സിനെടുക്കുക എന്നതാകും ലോക്ക്ഡൗൺ ഇളവു നൽകുന്നതിന് മാനദണ്ഡമായി ഇപ്പോൾ പ്രധാനമായും പരിഗണിക്കുന്നത് എന്ന് പ്രീമിയർ അറിയിച്ചു.
സെപ്റ്റംബറിലും ഒക്ടോബറിലും ജീവിതം എങ്ങനെയായിരിക്കും എന്ന് തീരുമാനിക്കുന്നത് വാക്സിനേഷൻ നിരക്കായിരിക്കുമെന്നും പ്രീമിയർ പറഞ്ഞു.
കടപ്പാട്: SBS മലയാളം