NSWൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധ 1,000 കടന്നു

ന്യൂ സൗത്ത് വെയിൽസിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധ 1,000 കടന്നു. കൊവിഡ് വ്യാപനം വിവിധ പ്രദേശങ്ങളിലേക്ക് പടർന്നതോടെ സിഡ്‌നിയുടെ കിഴക്കൻ പ്രദേശത്തുള്ള 16നും 49നുമിടയിലുള്ളവർക്ക് ഫൈസർ വാക്‌സിൻ ബുക്ക് ചെയ്യാൻ മുൻഗണ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് ബാധ വീണ്ടും പുതിയ റെക്കോർഡിലെത്തി. തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ പ്രതിദിന കേസുകൾ 1,000 കടന്നിരിക്കുകയാണ്.

ഇന്ന് (തിങ്കളാഴ്ച) രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിൽ 1,290 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു.

നാല് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 50 നു മേൽ പ്രായമായ ഒരു പുരുഷനും, 70 നു മേൽ പ്രായമായ രണ്ട് പുരുഷന്മാരും, 60 നു മേൽ പ്രായമായ ഒരു സ്ത്രീയുമാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കേസുകൾ നിയന്ത്രണാതീതമാകുന്നതോടെ, സംസ്ഥാനത്ത് കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

കേസുകൾ കൂടുന്ന സിഡ്‌നിയുടെ കിഴക്കൻ പ്രദേശത്ത് 16നും 49നുമിടയിലുള്ളവർക്ക് ഫൈസർ വാക്‌സിൻ ബുക്ക് ചെയ്യാൻ മുൻഗണ നൽകുമെന്ന് അധികൃതർ അറിയിച്ചു.

രോഗബാധ കൂടുതലുള്ള 12 പ്രാദേശിക കൗൺസിൽ മേഖലയിൽ നേരത്തെ തന്നെ ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ വിതരണം ചെയ്തു തുടങ്ങിയിരുന്നു. കൂടാതെ, വൈറസ്ബാധ വർദ്ധിക്കുന്ന കെംഡനിലും ഫൈസർ വാക്‌സിൻ നൽകി തുടങ്ങിയിരുന്നു.

വൈറസ്ബാധ കൂടുതൽ പ്രദേശത്തേക്ക് പടരുന്നതോടെ റാൻഡ്വിക് മേഖലയിലുള്ളവർക്കാണ് ഫൈസർ വാക്‌സിൻ സ്വീകരിക്കാൻ മുൻഗണന നൽകുന്നതെന്ന് സർക്കാർ അറിയിച്ചത്.

ഇവിടെയുള്ളവർക്ക് നോവോട്ടൽ ഹോട്ടലിലുള്ള ബ്രൈറ്റൻ-ലെ-സാൻഡ്‌സ് ക്ലിനിക്കിൽ ഫൈസർ വാക്‌സിനായി ബുക്ക് ചെയ്യാം.

തെക്കൻ പ്രദേശമായ ബേസൈഡിൽ കേസുകൾ ഉയരുന്നതും, ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് റാൻഡ്വിക്കിലുള്ള മറോബ്രയിൽ പാർട്ടി നടത്തിയതുമെല്ലാം അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതേത്തുടർന്നാണ് കിഴക്കൻ പ്രദേശത്തുള്ളവർക്കും ഫൈസർ വാക്‌സിൻ ലഭ്യമാക്കുന്നത്.

നിയമം ലംഘിച്ച് മറോബ്രയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത 20 പേർക്കും, ഇവരുമായി സമ്പർക്കം പുലർത്തിയ 57 പേർക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പിഴ ഈടാക്കാനുള്ള നടപടികളുമായി മുൻപോട്ട് പോകുകയാണ് പോലീസ്.

സെപ്‌റ്റംബർ അവസാനം വരെ ന്യൂ സൗത്ത് വെയിൽസിൽ ആഴ്ചയിൽ 127,530 ഡോസ് ഫൈസർ വാക്‌സിൻ ലഭിക്കും. ഒക്ടോബർ മുതൽ ഡോസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഈ പ്രദേശത്തുള്ള 16നും 49നുമിടയിലുള്ളവർക്കാണ് ഫൈസർ വാക്‌സിൻ ബുക്ക് ചെയ്യാൻ മുൻഗണ.

വാക്‌സിൻ എവിടെ നിന്ന് സ്വീകരിക്കാൻ കഴിയുമെന്ന് അറിയാം.

കടപ്പാട്: SBS മലയാളം

Exit mobile version