ന്യൂ സൗത്ത് വെയിൽസിലെ ആരോഗ്യമേഖലയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും എല്ലാ ആരോഗ്യമേഖലാ ജീവനക്കാർക്കും 3,000 ഡോളർ വീതം ഒറ്റത്തവണ ആനുകൂല്യം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
ന്യൂ സൗത്ത് വെയിൽസിന്റെ ആരോഗ്യമേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നു എന്ന പ്രഖ്യാപനവുമായാണ് പ്രീമിയർ ഡൊമിനിക് പെരോറ്റെ പുതിയ പദ്ധതികൾ വെളിപ്പെടുത്തിയത്.
സംസ്ഥാന ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി 4.5 ബില്യൺ ഡോളറിന്റെ ഒറ്റത്തവണ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കൂടുതൽ ആരോഗ്യമേഖലാ ജീവനക്കാരെ നിയമിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഡോക്ടർമാരും, നഴ്സുമാരും, മറ്റ് ആരോഗ്യമേഖലാ ജീവനക്കാരും ഉൾപ്പെടെ 10,148 പേരെയാകും പുതുതായി നിയമിക്കുക.
1,800 പാരാമെഡിക് ജീവനക്കാരെ അധികമായി നിയമിക്കുമെന്ന് സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിനു പുറമേ, ആരോഗ്യമേഖലയിലെ എല്ലാ ജീവനക്കാർക്കും ഒറ്റത്തവണ സാമ്പത്തിക ആനുകൂല്യവും പ്രഖ്യാപിച്ചു.
3,000 ഡോളർ വീതമാകും NSW ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പാരിതോഷികമായി നൽകുക.
കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള നന്ദിപ്രകാശനം എന്ന രീതിയിലാണ് ഈ തുക നൽകുന്നതെന്ന് പ്രീമിയർ പറഞ്ഞു.
പൊതുമേഖലയിൽ ശമ്പളവർദ്ധനവ്
സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് അടുത്ത സാമ്പത്തിക വർഷം മൂന്നു ശതമാനം ശമ്പളവർദ്ധനവ് നൽകുമെന്നും പ്രീമിയർ വ്യക്തമാക്കി.
2011 മുതൽ സംസ്ഥാന ജീവനക്കാരുടെ വാർഷിക ശമ്പളവർദ്ധനവ് 2.5 ശതമാനമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഈ പരിധി ഉയർത്താനാണ് സർക്കാർ തീരുമാനിച്ചത്.
2023-24 സാമ്പത്തിക വർഷത്തിൽ 3.5 ശതമാനമാക്കി ശമ്പള വർദ്ധനവ് ഉയർത്തിയേക്കുമെന്നും സർക്കാർ സൂചിപ്പിച്ചു.
എന്നാൽ കാര്യക്ഷമതയിലെ വർദ്ധനവ് പരിഗണിച്ചാകും ഇത്.
ഇത് നടപ്പായാൽ, രണ്ടു വർഷം കൊണ്ട് 6.5 ശതമാനം ശമ്പളവർദ്ധനവാകും ജീവനക്കാർക്ക് ലഭിക്കുക എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.
വർഷം 5.4 ശമ്പളവർദ്ധനവ് നൽകണം എന്നായിരുന്നു ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടത്. ഇത് പ്രഖ്യാപിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ സമരത്തിലേക്ക് പോകും എന്നും അവർ പ്രഖ്യാപിച്ചിരുന്നു.
കടപ്പാട്: SBS മലയാളം