സിഡ്‌നിയിൽ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി

ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് ബാധയിൽ കുറവ് വരാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.

സംസ്ഥാനത്ത് പുതുതായി 97 കേസുകളാണ് സ്ഥിരീകരിച്ചത്. കേസുകൾ കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചു.

നിലവിൽ ജൂലൈ 16 വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കുറഞ്ഞത് രണ്ടാഴ്ച കൂടി, അതായത് ജൂലൈ 30 അർദ്ധരാത്രി വരെ ലോക്ക്ഡൗൺ നീട്ടുമെന്നാണ് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചത്.

രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുമെന്നും, ഇതേത്തുടർന്നാകും ലോക്ക്ഡൗണിന്റെ കാര്യത്തിലുള്ള തീരുമാനമെന്നും പ്രീമിയർ വ്യക്തമാക്കി.

ഇതോടെ കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും ഗ്രെയ്റ്റർ സിഡ്നി മേഖലയിലും സമീപ പ്രദേശങ്ങളിലും സ്കൂൾ പഠനം ഓൺലൈൻ ആയി തുടരും.

പുതിയ രോഗബാധയിൽ 70 പേരും തെക്ക്-പടിഞ്ഞാറൻ സിഡ്‌നിയിലാണ്. പുതുതായി റിപ്പോർട് ചെയ്ത 97 കേസുകളിൽ 24 പേരും സമൂഹത്തിലുണ്ടായിരുന്നെന്ന് പ്രീമിയർ അറിയിച്ചു.

Fairfield, Roselands, Rosebury, Catebury, Belmore, Sutherland Shire, St George, Windsor, St Ives, Penrith, Bayside എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളുള്ളത് .

സംസ്ഥാനത്ത് 65,000 പരിശോധനകളാണ് 24 മണിക്കൂറിൽ നടത്തിയത്. കൊവിഡ് ബാധിച്ച് 71 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 20 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നാല് പേർ വെന്റിലേറ്ററിലുമുണ്ട്.

സംസ്ഥാനത്ത് 89 കേസുകളും ഒരു മരണവും ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.

സിഡ്നിയിലെ ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ ബിസിനസുകൾക്കും തൊഴിലാളികൾക്കും കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് കൂടുതൽ സഹായം നൽകുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version