NSWലെ നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് നീട്ടി

ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രീമിയർ ഡൊമിനിക് പെറോറ്റെ വ്യക്തമാക്കി. കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ വകഭേദം മൂലമുള്ള രോഗവ്യാപനം ചെറുക്കുന്നത് ലക്ഷ്യമിട്ട് ഒരു മാസത്തേക്ക് കൂടി സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടുന്നതായി പ്രീമിയർ ഡൊമിനിക് പെറോറ്റെ പ്രഖ്യാപിച്ചു.

ഇതോടെ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന സാന്ദ്രത പരിധിയും, കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് ധരിക്കണം (വീട്ടിൽ ഒഴികെ) എന്ന നിബന്ധനയും തുടർന്നും ബാധകമായിരിക്കും.

പുതുതായി 2,943 കൊവിഡ് രോഗികളെയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 2,816 കൊവിഡ് ബാധിതരെയായിരുന്നു തിങ്കളാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് പുതിയ 29 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹോസ്‌പിറ്റാലിറ്റി വേദികൾ, നിശാക്ലബുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ സംഗീതവും നൃത്തവും അനുവദിക്കില്ല. ചില വിവാഹങ്ങൾക്ക് ഇളവ് ബാധകമായിരിക്കും.

ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ ഉൾപ്പെടെ ചില വേദികളിൽ QR കോഡ് ഉപയോഗിക്കുന്നത് നിർബന്ധമായി തുടരും. ഇലെക്റ്റിവ് അല്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഫെബ്രുവരി 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിന് അനുസൃതമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന്  പെറോറ്റെ ചൂണ്ടിക്കാട്ടി.

അതെസമയം ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം മൂന്നാമത്തെ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് ആവശ്യപ്പെട്ടു.

വിക്ടോറിയയിലും വർദ്ധനവ് 

വിക്ടോറിയയിലും ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു.

പുതുതായി 1,057 പേരെയാണ് വിക്ടോറിയയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചത്തെ 998 എന്ന കണക്കിൽ നിന്നാണ് ഈ വർദ്ധനവ്. 119 പേർ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്.

വിക്ടോറിയയിൽ പുതുതായി 14,836 കേസുകളും 29 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

ടാസ്മേനിയയിൽ 643 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 904 കേസുകൾ റിപ്പോർട്ട് ചെയ്തു. 80 വയസിന് മേൽ പ്രായമുള്ള ഒരു സ്ത്രീ മരിച്ചിട്ടുണ്ട്.

ക്വീൻസ്ലാന്റിൽ 11 പേർ കൂടി മരിച്ചു 

ക്വീൻസ്ലാന്റിൽ പുതിയ 9,546 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

Exit mobile version