കൊവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയർന്നതോടെ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും കൊവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചു.
വ്യാഴാഴ്‌ച അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് നിർബന്ധമാക്കുകയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റെ പറഞ്ഞു.
ഡിസംബർ 27 മുതൽ ഹോസ്പിറ്റാലിറ്റി വേദികളിൽ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന പരിധി നിലവിൽ വരും. Q-R ചെക്ക്-ഇൻ പരിമിതമായ രീതിയിൽ പുന:സ്ഥാപിക്കും. നിബന്ധനകൾ ജനുവരി 27 വരെ പ്രാബല്യത്തിലുണ്ടാകുമെന്നും പ്രീമിയർ വ്യക്തമാക്കി.
യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, അവധിക്കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യണമെന്നും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
വിക്ടോറിയയും കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. ഇന്നു രാത്രി 11.59 മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. സ്വകാര്യ ഭവനങ്ങൾ ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കുള്ളിലും മാസ്ക് ബാധകമായിരിക്കും.
30,000 ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എട്ടു വയസ്സും അതിന് മുകളിലുമുള്ള എല്ലാവർക്കും ഈ നിബന്ധന ബാധകമായിരിക്കും.
- ഓസ്ട്രേലിയയിലെ പ്രതിദിന കൊവിഡ് കേസുകൾ റെക്കോർഡ് നിരക്കിലെത്തി, NSW-ലെ പ്രതിദിന കൊവിഡ് കേസുകൾ 5,000 പിന്നിട്ടു.
- ന്യൂ സൗത്ത് വെയിൽസിൽ സംസ്ഥാന സർക്കാർ സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് സൂചന.
- ക്വീൻസ്ലാൻറിൽ 369 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. പ്രതിദിന കണക്കിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
- മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ഫെഡറൽ സർക്കാർ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ബുധനാഴ്ച നടന്ന ദേശീയ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
- ഇംഗ്ലണ്ടിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100,000 ആയി ഉയർന്നു. ക്രിസ്തുമസ് കാലയളവിൽ പുതിയ നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.
കടപ്പാട്: SBS മലയാളം