2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സ്‌പോണ്‍സേര്‍ഡ് വിസകളുടെ പരിധി ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ഇവയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതായി ന്യൂ സൗത്ത് വെയില്‍സ് അറിയിച്ചത്.
NSWന് 12,290 നോമിനേറ്റഡ് വിസകളാണ് അനുവദിച്ചിരിക്കുന്നത്.
ഇതില്‍, സ്‌കില്‍ഡ് നോമിനേറ്റഡ് (സബ്ക്ലാസ് 190), സ്‌കില്‍ഡ് വർക്ക് റീജിയണൽ പ്രൊവിഷണൽ (സബ്ക്ലാസ് 491) എന്നീ വിസകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചു തുടങ്ങി.
അതോടൊപ്പമാണ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിന് പുതിയ വ്യവസ്ഥകളും പ്രഖ്യാപിച്ചത്.
സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ മിനിമം പോയിന്റും, നിശ്ചിത വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാകണം എന്നാണ് വ്യവസ്ഥ.
തൊഴില്‍മേഖലകളെ നിര്‍ണ്ണയിക്കുന്ന ANZSCO യൂണിറ്റ് ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തിപരിചയം കണക്കിലെടുക്കുന്നത്.
അതായത്, ഏത് തൊഴില്‍മേഖലയിലാണോ നോമിനേഷന് ശ്രമിക്കുന്നത്, അതേ ANZSCO യൂണിറ്റ് ഗ്രൂപ്പില്‍ തന്നെ മിനിമം പ്രവൃത്തിപരിചയം ഉണ്ടാകണം.
ഉദാഹരണത്തിന്, അക്കൗണ്ടന്റിന് സബ്ക്ലാസ് 190 വിസയ്ക്ക് അപേക്ഷിക്കണമെങ്കില്‍ കുറഞ്ഞത് 110 പോയിന്റും, അതേ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
സബ്ക്ലാസ് 491 വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ 115 പോയിന്റും മൂന്നു വര്‍ഷത്തെ പരിചയവുമാണ് വേണ്ടത്.
രജിസ്‌റ്റേര്‍ഡ് നഴ്‌സിന് സബ്ക്ലാസ് 190 വിസയ്ക്ക് അപേക്ഷിക്കാന്‍ 85 പോയിന്റും ഒരു വര്‍ഷത്തെ പരിചയവുമാണ് വേണ്ടത്.
491 വിസയക്ക് 90 പോയിന്റും ഒരു വര്‍ഷത്തെ തൊഴില്‍പരിചയവും രജിസ്റ്റേർഡ് നഴ്സിന് വേണം.
IT മാനേജര്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയ പല മേഖലകളിലും സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മിനിമം പ്രവൃത്തി പരിചയം ആവശ്യമില്ല എന്നാണ് സര്ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ തൊഴില്‍ പട്ടികകളും, ഓരോ തൊഴില്‍മേഖലയിലുമുള്ള മാനദണ്ഡവും പൂര്‍ണമായി ഇവിടെ കാണാം.
ഓരോ തൊഴില്‍മേഖലയിലും മിനിമം പോയിന്റ് ബാധകമാക്കിയത് പലരുടെയും വിസ സാധ്യതകളെ ബാധിക്കുമെന്നാണ് സൂചന.
എന്നാല്‍, പല മേഖകളിലും കുറഞ്ഞ പോയിന്റ് നിരക്കും, പ്രവൃത്തി പരിചയവും മതിയാകും എന്ന വ്യവസ്ഥ ഒട്ടേറെ അപേക്ഷകര്‍ക്ക് ഗുണകരമാകുമെന്ന് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ നേഹ സിംഗ് എസ് ബി എസ് ഹിന്ദിയോട് ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം