നൂറ് ദിവസത്തിലേറെയായി ലോക്ക്ഡൗണിൽ കഴിയുന്ന ന്യൂ സൗത്ത് വെയിൽസിൽ ഒക്ടോബർ 11 തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ പിൻവലിച്ചുകൊണ്ടുള്ള ഇളവുകൾ തുടങ്ങും. സംസ്ഥാനത്ത് പുതിയ കേസുകൾ 587 ആയി കുറഞ്ഞിട്ടുമുണ്ട്.
നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ മുൻ പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പുറത്തുവിട്ടിരുന്നു. ഈ മാർഗരേഖയുടെ ഒന്നാം ഘട്ടം പ്രകാരമാണ് ഒക്ടോബർ 11 മുതൽ സംസ്ഥാനത്ത് ഇളവുകൾ നടപ്പാക്കി തുടങ്ങുന്നത്.
എന്നാൽ, ഗ്ലാഡിസ് ബെറജ്കളിയന്റെ അപ്രതീക്ഷിതമായ രാജിക്ക് പിന്നാലെ പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡൊമിനിക് പെറോട്ടെ, നിരവധി മാറ്റങ്ങളാണ് ഈ മാർഗരേഖയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ വീണ്ടും പുനഃപരിശോധിച്ച പ്രീമിയർ, നിശ്ചയിച്ച ദിവസം തന്നെ കൂടുതൽ ഇളവുകളാണ് നടപ്പാക്കുന്നത്.
വീട് സന്ദർശനം അനുവദിച്ചുകൊണ്ടുള്ള ഇളവുകൾ ഉൾപ്പെടെയുള്ളവ ഇരട്ടിയാക്കിയാണ് പ്രീമിയർ ഡൊമിനിക് പെറോട്ടെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാകും ഒക്ടോബർ 11 മുതൽ ഈ ഇളവുകൾ ലഭിക്കുന്നത്.
പുതിയ ഇളവുകൾ:
- വീടുകളിൽ 10 പേർക്ക് ഒത്തുചേരാം (നേരത്തെ അഞ്ച് പേർക്കായിരുന്നു ഒത്തുചേരൽ അനുവദിച്ചിരുന്നത്)
- കെട്ടിടത്തിന് പുറത്ത് 30 മുതിർന്നവർക്ക് ഒത്തുചേരാം
- കെട്ടിടത്തിനകത്തുള്ള നീന്തൽക്കുളങ്ങൾ തുറക്കും
- വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 100 പേർക്ക് പങ്കെടുക്കാം
- ഒക്ടോബർ 25 മുതൽ കുട്ടികൾക്ക് സ്കൂളുകളിലേക്ക് മടങ്ങാം. നിരവധി കൊവിഡ് സുരക്ഷാ പദ്ധതികളാകും ഇവിടെ നടപ്പാക്കുന്നത്.
- കിന്റർഗാർട്ടൻ, ഒന്നാം ക്ലാസ്, 12 ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒക്ടോബർ 18 മുതൽ സ്കൂളികളിൽ തിരിച്ചെത്താം.
സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ നടപ്പാക്കുന്ന ഇളവുകൾ, സ്ഥിതിഗതി വിലയിരുത്തിയ ശേഷം വിവേകപൂർവം നടപ്പാക്കുന്നതാണെന്ന് പ്രീമിയർ വ്യക്തമാക്കി.
ന്യൂ സൗത്ത് വെയിൽസിലെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനം കടന്നിരിക്കുകയാണ്. ഇതോടെ 16 വയസിന് മേൽ പ്രായമായ 70 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഓസ്‌ട്രേലിയയിലെ ആദ്യ പ്രദേശമായിരിക്കുകയാണ് ന്യൂ സൗത്ത് വെയിൽസ്.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനേഷൻ 80 ശതമാനമാകുന്നതോടെ നടപ്പാക്കുന്ന ഇളവുകളും പ്രീമിയർ പ്രഖ്യാപിച്ചു.
- ഓഫീസ് കെട്ടിടങ്ങളിൽ മാസ്ക് നിർബന്ധമല്ല
- വീടുകളിൽ 20 പേർക്ക് ഒത്തുകൂടാം
- കെട്ടിടത്തിന് പുറത്ത് 50 പേർക്ക് ഒത്തുചേരാം
- കെട്ടിടത്തിന് പുറത്ത് നടക്കുന്ന ടിക്കറ്റ് വച്ചുള്ള പരിപാടികൾക്ക് 3,000 പേർക്ക് പങ്കെടുക്കാം
ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലുള്ള ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഒക്ടോബർ 11 മുതൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാമെന്ന് പുതിയ ഡെപ്യൂട്ടി പ്രീമിയർ പോൾ ടൂൾ അറിയിച്ചു. എന്നാൽ, രണ്ടാം ഡോസ് സ്വീകരിക്കാനായി ഇവർക്ക് നവംബർ ഒന്ന് വരെ സമയം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം