സിഡ്നിയിലെ ഹോട്ടലുകളിൽ താമസിക്കാൻ 100 ഡോളർ സൗജന്യ വൗച്ചർ
ന്യൂ സൗത്ത് വെയിൽസിലെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ 100 ഡോളറിന്റെ സൗജന്യ വൗച്ചർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൈൻ ആൻഡ് ഡിസ്കവർ സ്‌കീമിന്റെ ഭാഗമാണിത്.
കൊവിഡ് പ്രതിസന്ധി നേരിട്ട സിഡ്‌നിയിലെ ബിസിനസുകളിൽ ഉപയോഗിക്കാൻ കഴിയുന്ന രണ്ട് ലക്ഷം വൗച്ചറുകളാണ് സർക്കാർ നൽകുന്നത്. സിഡ്നി നഗരത്തിലെ ബിസിനസുകളിലാണ് ഈ വൗച്ചർ ഉപയോഗിക്കാവുന്നത്.
ഇതിനായി 51.5 മില്യൺ ഡോളറിന്റെ പക്കലേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സിഡ്നി നഗരത്തിലെ ഹോട്ടലുകളിൽ താമസിക്കാനാണ് ഈ 100 ഡോളർ വൗച്ചർ.
സിഡ്‌നിയിലെ ഹോട്ടലുകളിൽ താമസിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി സ്റ്റുവർട്ട് അയേഴ്‌സ് പറഞ്ഞു.
ജൂണിൽ വിതരണം ചെയ്തു തുടങ്ങുന്ന വൗച്ചറുകൾ ആദ്യം അപേക്ഷിക്കുന്നവർക്കാണ് ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഡൈൻ ആൻഡ് ഡിസ്കവർ സ്‌കീമിന്റെ ഭാഗമാണ് ഇത്.
ഇതിന് പുറമെ ബിസിനസ് പരിപാടികൾക്കായി 5.5 മില്യൺ ഡോളറും തത്സമയ സംഗീത വേദികൾക്കായി 24 മില്യൺ ഡോളറും സർക്കാർ മാറ്റി വയ്ക്കും. 150 പേരിൽ കുറവുള്ള ബിസിനസ് പരിപാടികൾക്ക് 15,000 ഡോളർ ഗ്രാന്റ് നൽകുമെന്നും സർക്കാർ അറിയിച്ചു.
മെൽബൺ മെട്രോപൊളിറ്റൻ പ്രദേശത്തെ ബിസിനസുകളെ സഹായിക്കുന്നതിനായി വിക്ടോറിയൻ സർക്കാർ 200 ഡോളർ വൗച്ചർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 200 ഡോളറിന്റെ 40,000 വൗച്ചറുകളാണ് സർക്കാർ നൽകിയത്.
കടപ്പാട്: SBS മലയാളം