ഓസ്‌ട്രേലിയക്കാരുടെ മതവിശ്വാസത്തിന്‌റെ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് സെന്‍സസ് കണക്കുകള്‍. മതമില്ലാത്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വര്‍ദ്ധനവുണ്ടായെന്നും സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയില്‍ ഇതുവരെ നടന്ന 18 സെന്‍സസുകളിലും ഉള്‍പ്പെട്ടിട്ടുള്ള അപൂര്‍വം ചില ചോദ്യങ്ങളിലൊന്നായിരുന്നു മതവിശ്വാസം.
സെന്‍സസില്‍ ഉത്തരം പറയണമെന്ന് നിര്‍ബന്ധമില്ലാത്ത ഏക ചോദ്യവും ഇതാണ്.
എന്നാല്‍, നിര്‍ബന്ധിതമല്ലാതിരുന്നിട്ടും ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞവരുടെ എണ്ണം ഉയര്‍ന്നതായി ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടി.
മതമില്ലാത്തവരില്‍ വര്‍ദ്ധനവ്
രാജ്യത്ത് മതവിശ്വാസത്തിന്റെ രീതി മാറി വരികയാണെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികമുള്ളത് ക്രിസ്ത്യന്‍ മതവിഭാഗമാണ്.
രാജ്യത്തെ ജനസംഖ്യയുടെ 43.9 ശതമാനമാണ് ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവര്‍.
എന്നാല്‍, എട്ടു ശതമാനത്തിന്റെ കുറവാണ് ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
2016ലെ സെന്‍സസ് പ്രകാരം 52.1 ശതമാനമായിരുന്നു ക്രിസ്ത്യന്‍ മതവിശ്വാസികള്‍. 2011ലെ സെന്‍സസില്‍ ഇത് 61.1 ശതമാനമായിരുന്നു.
മുന്‍ സെന്‍സസുകളെല്ലാം പോലെ, ക്രിസ്തുമത വിശ്വാസികളില്‍ കൂടുതലും കത്തോലിക്കാ വിശ്വാസികളാണ്.
ആകെ ജനസംഖ്യയുടെ 20 ശതമാനമാണ് കത്തോലിക്കര്‍. ആംഗ്ലിക്കന്‍ വിശ്വാസികള്‍ 9.8 ശതമാനമാണ്.
ക്രിസ്ത്യാനികളുടെ എണ്ണം കുറയുമ്പോള്‍, ഏറ്റവും വേഗത്തില്‍ കൂടുന്നത് മതമില്ലാത്തവരാണ്.
രാജ്യത്തെ ജനസംഖ്യയുടെ 38.9 ശതമാനവും മതമില്ലാത്തവര്‍ എന്നാണ് സെന്‍സസില്‍ രേഖപ്പെടുത്തിയത്.
2011ല്‍ 22.3% പേരും, 2016ല്‍ 30.1 ശതമാനം പേരുമായിരുന്നു മതമില്ലാത്തവര്‍. ഇതാണ് 39 ശതമാനത്തോളമായി ഉയര്‍ന്നത്.
ഹിന്ദുക്കളും മുസ്ലീങ്ങളും കൂടി
രാജ്യത്ത് വളരുന്ന മറ്റു രണ്ടു മതവിഭാഗങ്ങള്‍ ഹിന്ദുമതവും ഇസ്ലാം മതവുമാണ്.
ഇതില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് ഹിന്ദു മതത്തിലാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഹിന്ദുമത വിശ്വാസികളില്‍ 55.3 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
6,84,002 പേരാണ് രാജ്യത്ത് ഹിന്ദു മതവിശ്വാസികള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.7 ശതമാനമാണ് ഇത്.
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന 8,13,392 പേരാണ് രാജ്യത്തുള്ളത്. ആകെ ജനസംഖ്യയുടെ 3.2 ശതമാനമാണ് ഇത്.
കഴിഞ്ഞ സെന്‍സസില്‍ 2.6 ശതമാനമായിരുന്നു മുസ്ലീം ജനസംഖ്യ.
1901ല്‍ ഓസ്‌ട്രേലിയയിലെ ആദ്യ സെന്‍സസ് നടന്നപ്പോള്‍ 99 ശതമാനവും ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്നു
40% ആംഗ്ലിക്കന്‍, 23% കത്തോലിക്ക, 34% മറ്റു ക്രിസ്ത്യന്‍ എന്നായിരുന്നു അന്നത്തെ കണക്കുകള്‍.
കടപ്പാട്: SBS മലയാളം