മെൽബൺ ലോക്ക്ഡൗൺ ബാധിച്ചവർക്ക് പുതിയ സാമ്പത്തിക പാക്കേജ്

മെൽബൺ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ബാധിച്ചവർക്ക് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

30 മില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ആണ് പ്രഖ്യാപിച്ചത്. അടിയന്തര ഭക്ഷണ വിതരണത്തിനായാണ് ഇതിൽ 4.5 മില്യൺ ഡോളർ.

ലാട്രോബ്, മൊണാഷ്, തുടങ്ങി രാജ്യാന്തര വിദ്യാർഥികൾ കൂടുതലുള്ള ഇടങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം എത്തിച്ചുനൽകാൻ കഴിയുന്ന ഫുഡ് ബാങ്കുകൾ, സ്റ്റുഡന്റ് സൂപ്പർമാർക്കറ്റ് തുടങ്ങിയ സേവനങ്ങൾക്കാകും ഈ സാമ്പത്തിക സഹായം.

കൂടാതെ, റെഡ് ക്രോസ്സ് വഴി 800 ഡോളർ വീതം സാമ്പത്തിക സഹായം നൽകും. വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥിതി കണക്കിലെടുത്താകും ഇത് നൽകുന്നത്.

ഇതിന് പുറമെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന സമൂഹങ്ങളിൽ ഉള്ളവർക്ക് 12 മില്യൺ ഡോളർ.

കൂടാതെ, സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലും, മെട്രോപൊളിറ്റൻ പ്രദേശത്തുമുള്ള ഫുഡ് ഹബ്ബുകൾക്കും ഗ്രാന്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു.

പടിഞ്ഞാറൻ മെൽബണിലെ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ് സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്‌ത മറ്റ് നാല് കേസുകൾ. ഇതിൽ മൂന്ന് കുട്ടികളും, മുതിർന്ന ഒരാളും ഉൾപ്പെടുന്നു. ഇതോടെ ഈ ക്ലസ്റ്ററിൽ രോഗബാധയുടെ എണ്ണം 14 ആയി.

മറ്റൊരു രോഗബാധ ആർകെയർ ഏജ്ഡ് കെയറുമായി ബന്ധമുള്ളതാണ്. ഇവിടുത്തെ ഒരു ജീവനക്കാരിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

മെൽബണിൽ ഞായറാഴ്ച നാല് കൊവിഡ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ആർകെയർ മെയ്ഡ്സ്റ്റോൺ ഏജ്ഡ് കെയറുമായി ബന്ധമുള്ളതാണ്. ഏജ്ഡ് കെയറിലെ ഒരു ജീവനക്കാരിക്കും, ഇവിടെ താമസിക്കുന്ന 79 വയസുള്ള ജീവനക്കാരുമാണ് രോഗബാധ.

പുതുതായി റിപ്പോർട്ട് ചെയ്ത ഒമ്പത് കൊവിഡ്‌ബാധക്ക് പുറമെ ഈ രണ്ട് വൈറസ്ബാധയും കൂടി തിങ്കളാഴ്ചത്തെ കേസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ മെയ്ഡ്സ്റ്റോൺ ഏജ്ഡ് കെയറുമായി ബന്ധമുള്ളരോഗബാധയുടെ എണ്ണം ഒമ്പതായി.

കടപ്പാട്: SBS മലയാളം

Exit mobile version