സിഡ്‌നിയിൽ ഒരു കൊവിഡ് ബാധ കൂടി; നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

ന്യൂ സൗത്ത് വെയിൽസിൽ ഒരാൾക്ക് കൂടി പുതുതായി പ്രാദേശിക കൊവിഡ് ബാധ റിപ്പോട്ട് ചെയ്ത സാഹചര്യത്തിൽ സിഡ്‌നിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സിഡ്‌നിയിൽ ആഴ്ചകൾക്ക് ശേഷം ബുധനാഴ്‌ച ഒരു കൊറോണബാധ റിപ്പോർട്ട് ചെയ്തിരുന്നു. പ്രായം 50 കളിലുള്ള ഒരു പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാൾ യാത്രകൾ നടത്തുകയോ ക്വാറന്റൈൻ ഹോട്ടലിൽ തൊഴിലെടുക്കുകയോ ചെയ്തിട്ടില്ല.

ഇദ്ദേഹത്തിന്റെ ഭാര്യക്കാണ് വ്യാഴാഴ്ച വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു.

വ്യാഴാഴ്ച (ഇന്ന്) മുതൽ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു.

വ്യാഴാഴ്ച അഞ്ച് മണി മുതൽ തിങ്കളാഴ്ച അർധരാത്രി 12.01 വരെയാണ് നിയന്ത്രണം.

വൊള്ളോൻഗോംഗ്, സെൻട്രൽ കോസ്റ്റ്, ബ്ലൂ മൗണ്ടെയ്ൻസ് ഉൾപ്പടെയുള്ള ഗ്രെയ്റ്റർ സിഡ്നി മേഖലകളിലാണ് നിയന്ത്രണം ബാധകമാകുന്നത്.

നിയന്ത്രണങ്ങൾ എന്തെല്ലാം?

* കുട്ടികൾ ഉൾപ്പെടെ 20 പേർക്ക് മാത്രമേ ഒരു വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ.

* പൊതുഗതാഗത സംവിധാനങ്ങൾ, കെട്ടിടത്തിനകത്തുള്ള പൊതു പരിപാടികൾ, റീറ്റെയ്ൽ സംവിധാനങ്ങൾ, തീയേറ്ററുകൾ, ആശുപത്രികൾ, ഏജ്ഡ് കെയർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.

* ഏജ്ഡ് കെയർ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നവരുടെ എണ്ണം രണ്ടാക്കി കുറച്ചു.

* ഞായറാഴ്ചത്തെ മാതൃദിന പരിപാടികൾ റദ്ദാക്കില്ലെന്ന് പ്രീമിയർ അറിയിച്ചു. എന്നാൽ പുറത്തുപോകുന്നവർ നിയന്ത്രണങ്ങൾ പാലിക്കണമെന്നും പ്രീമിയർ പറഞ്ഞു.

ഡാർലിംഗ് ഹാർബറിലെ പാർക്ക് റോയൽ ഹോട്ടലിൽ കഴിയുന്ന വിദേശത്തു നിന്നെത്തിയ ഒരാളിൽ നിന്നാണ് 50 കാരന് വൈറസ് ബാധിച്ചത്. എന്നാൽ ഇയാൾക്ക് രോഗബാധിതനുമായി നേരിട്ട് ബന്ധമില്ല.

അതുകൊണ്ട്തന്നെ വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കടപ്പാട്: SBS മലയാളം

Related Articles

Back to top button