ആശങ്കയായി വിക്ടോറിയയിൽ പുതിയ കൊവിഡ് വകഭേദം
വിക്ടോറിയയിൽ നാല് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചു.
മെൽബണിൽ ലോക്ക്ഡൗൺ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നതിനിടെ, സംസ്ഥാനത്ത് നാല് പുതിയ കൊവിഡ് ബാധ കൂടി കണ്ടെത്തി.
ഇതിൽ മൂന്നെണ്ണം പടിഞ്ഞാറൻ മെൽബണിലെ കുടുംബത്തിലെ രോഗബാധയുമായി ബന്ധമുള്ളതാണ്.
ഈ കുടുംബത്തിലെ രണ്ട് പേരിൽ നടത്തിയ ജനിതക പരിശോധനയിൽ നിന്ന് ഇവർക്ക് ബാധിച്ചിരിക്കുന്നത് പുതിയ വകഭേദമാണെന്ന് കണ്ടെത്തിയതായി ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചു.
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദമാണിതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഹോട്ടൽ ക്വാറന്റൈനിൽ മാത്രം കണ്ടു വന്നിരുന്ന വകഭേദമാണ് ഇപ്പോൾ സമൂഹത്തിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിക്ടോറിയയിലെ രോഗബാധിതർ ന്യൂ സൗത്ത് വെയിൽസിലെ ജാവീസ് ബേയിലേക്ക് സഞ്ചരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇവർക്കും ഡെൽറ്റ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവർക്ക് എങ്ങനെയാണ് ഈ വകഭേദം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ബ്രെറ്റ് സട്ടൻ പറഞ്ഞു.
സംസ്ഥാനത്ത് പുതിയ വകഭേദം കണ്ടെത്തിയത് ആശങ്കയ്ക്ക് വക നൽകുന്നതാണെന്നും, ഈ കുടുംബവുമായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മെൽബണിൽ സ്ഥിരീകരിച്ച നാലാമത്തെ കേസ് നേരത്തെ കണ്ടെത്തിയ രോഗബാധയുമായി ബന്ധമുള്ളതാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 60 ലേറെ ആയി.
സംസ്ഥാനത്ത് 49,439 പരിശോധനകളാണ് നടത്തിയത്.
ഇതിനിടെ, വിക്ടോറിയയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച രണ്ട് കേസുകൾ തെറ്റായി കണ്ടെത്തിയവയാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
മിക്കലത്തെ ഡിസ്പ്ളേ ഹോമിൽ നിന്ന് ബാധിച്ചതെന്നു കരുതിയ രോഗബാധയും, ബ്രൈറ്റൻ ബീച്ച് ഹോട്ടലിലെ രോഗബാധയുമാണ് തെറ്റായി കണ്ടെത്തിയത്. ഈ രണ്ട് കേസുകളും കൊവിഡ് നെഗറ്റീവാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, മെൽബണിലെ ലോക്ക്ഡൗൺ നിശ്ചയിച്ചതിലും നേരത്തെ അവസാനിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ലോക്ക്ഡൗൺ നേരത്തെ അവസാനിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
ലോക്ക്ഡൗൺ സംബന്ധിച്ച് പൊതുആരോഗ്യ നിർദ്ദേശത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം