ഓസ്ട്രേലിയയിലേക്ക് ഏറ്റവുമധികം സന്ദർശകരെത്തുന്നത് ഇന്ത്യയിൽ നിന്ന്
കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഓസ്ട്രേലിയയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യാക്കാരാണെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി. ചൈനയെ മറികടന്നാണ് ഇന്ത്യൻ സന്ദർശകർ മുന്നിലെത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന രണ്ടു വർഷങ്ങൾക്ക് ശേഷം അതിർത്തി പൂർണമായും തുറന്നെങ്കിലും, സന്ദർശകരുട എണ്ണം പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള ഒരു വർഷത്തിൽ 6,99,725 സന്ദർശകരാണ് ഓസ്ട്രേലിയയിലെത്തിയത്.
കൊവിഡിന് തൊട്ടുമുമ്പുള്ള ഒരു വർഷത്തെ സന്ദർശകരുടെ ഒമ്പതിൽ ഒന്നു മാത്രമാണ് ഇത്.
2018-19ൽ 65 ലക്ഷം സന്ദർശകരായിരുന്നു ഓസ്ട്രേലിയയിലേക്ക് വന്നത്.
2021-22ന്റെ പകുതിയോളം യാത്രാനിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ പൂർണമായും പിൻവലിച്ചതിന് ശേഷവും സന്ദർശകരുടെ എണ്ണം താരതമ്യേന കുറവാണ്.
ഉദാഹരണത്തിന്, 2019 ജൂണിൽ 4.55 ലക്ഷം പേരെത്തിയപ്പോൾ, 2022 ജൂണിൽ 1.67 ലക്ഷം സന്ദർശകർ മാത്രമാണ് ഓസ്ട്രേലിയയിലേക്ക് വന്നത്.
അതേസമയം, കൊവിഡിന് ശേഷം ഓസ്ട്രേലിയയിലേക്കെത്തുന്ന സന്ദർശകരിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്.
2021-22ൽ ആകെ സന്ദർശകരുടെ 17 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.
രണ്ടാം സ്ഥാനത്ത് ബ്രിട്ടനും (15) മൂന്നാം സ്ഥാനത്ത് സിംഗപ്പൂരുമാണ് (12).
മൂന്നു വർഷം മുമ്പ്, 2018-19ൽ ചൈനീസ് സന്ദർകരായിരുന്നു ഏറ്റവുമധികം. 17 ശതമാനം പേർ. അന്ന് ആറാം സ്ഥാനത്തു മാത്രമായിരുന്നു ഇന്ത്യൻ പൗരൻമാർ.
ചൈനീസ് സന്ദർശകരുടെ എണ്ണത്തിൽ 95 ശതമാനത്തിന്റെ കുറവാണ് ഈ കാലഘട്ടത്തിലുണ്ടായത്.
ചൈനയിൽ ക്രിമിനൽ ഗ്യാംഗുമായി ബന്ധമുള്ള വിസ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നതും, ഉഭയകക്ഷ ബന്ധത്തിലുണ്ടായ മാറ്റവുമെല്ലാം ഇതിനെ ബാധിച്ചിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ.
കാത്തിരിപ്പ് കുതിച്ചുയർന്നു
സന്ദർശക വിസാ അപേക്ഷകളിൻമേൽ തീരുമാനമെടുക്കുന്നതിനുള്ള കാലാവധി വൻതോതിൽ കൂടിയതായും ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലഘട്ടത്തിൽ ലഭിച്ച സന്ദർശക വിസ അപേക്ഷകളിൽ 75ശതമാനവും തീര്പ്പാക്കിയത് 59 ദിവസങ്ങൾക്കുള്ളിലാണ്.
2019ൽ 75 ശതമാനം വിസ അപേക്ഷകൾ തീർപ്പാക്കാൻ വേണ്ടിവന്നത് 16 ദിവസങ്ങളായിരുന്നു.
അതായത്, വിസ അപേക്ഷകൾ വൻ തോതിൽ കുറഞ്ഞെങ്കിലും അവ തീർപ്പാക്കുന്നത് കൂടുതൽ നീണ്ടുപോകുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിസ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റിൽ സർക്കാർ കൂടുതൽ ഫണ്ടിംഗ് പ്രഖ്യാപിച്ചിരുന്നു.
കടപ്പാട്: SBS മലയാളം