കാന്‍ബറ: ഏറെക്കാലമായി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സ്വപ്‌നഭൂമിയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സെന്‍സസ് കണക്കുകളിലും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
2017-നും 2021 ഓഗസ്റ്റിനും ഇടയില്‍ ആകെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ എത്തിയത് ഇന്ത്യയില്‍നിന്നാണ്. രണ്ടാമത് ചൈനയാണ്. എന്നാല്‍ കോവിഡ് മഹാമാരിയുടെ വരവോടെ കുടിയേറ്റം ഇപ്പോള്‍ മന്ദഗതിയിലായാണ്.
ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന പൗരന്മാരില്‍ വിദേശത്ത് ജനിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്തു ജീവിക്കുന്നവരില്‍ ഏറ്റവും അധികം പേര്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചവരാണ്. രണ്ടാമത് ഇംഗ്ലണ്ടില്‍ ജനിച്ചവരാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതലുള്ളത്.
ചൈനയെയും ന്യൂസിലന്‍ഡിനെയും പിന്തള്ളിയാണ് ഇന്ത്യാക്കാര്‍ മുന്നാമതെത്തിയത്. അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍നിന്ന് വലിയ കുടിയേറ്റമുണ്ടായതാണ് ഈ വര്‍ധനയ്ക്കു കാരണം.
ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ 27.6 ശതമാനം പേരും വിദേശത്ത് ജനിച്ച ശേഷം ഇങ്ങോട്ടേക്ക് കുടിയേറിയവരാണ്.
ഓസ്‌ട്രേലിയന്‍ പൗരന്മാരില്‍ 48.2 ശതമാനം പേരുടെയും മാതാപിതാക്കളില്‍ ഒരാളെങ്കിലും വിദേശത്ത് ജനിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യാക്കാരാണ്.
2016 നെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് 2021-ല്‍ ഉണ്ടായത്. ഏകദേശം 220,000 പേരാണ് ഈ കാലയളവില്‍ ഇന്ത്യയില്‍നിന്ന് എത്തിയത്.
അതിവേഗത്തില്‍ ഘടന മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ഓസ്‌ട്രേലിയയിലുള്ളതെന്നാണ് സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കൂടുതല്‍ ബഹുസ്വര സമൂഹമായി ഓസ്‌ട്രേലിയ മാറി.