ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കൂടുതൽ ഇളവുകൾ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഓസ്ട്രേലിയക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു. അടുത്ത ബന്ധുക്കളുടെ മരണവും, രോഗവും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകും.

ഇന്ത്യയിൽ കൊറോണവൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമായപ്പോഴാണ് ഏപ്രിലിൽ ഓസ്ട്രേലിയൻ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ഇന്ത്യയിലേക്ക് പോകുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ ഏപ്രിൽ 22ന് ചേർന്ന ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു.

ഉറ്റ ബന്ധുക്കളുടെ മരണമോ, ഗുരുതര രോഗമോ പോലുള്ള സാഹചര്യങ്ങളിൽ പോലും ഇന്ത്യയിലേക്ക് പോകാൻ ഇളവ് നൽകില്ല എന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അന്ന് പ്രഖ്യാപിച്ചത്.

ഏറ്റവും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ യാത്രാ വിലക്കിൽ ഇളവു നൽകാവൂ എന്നും ബോർഡർ ഫോഴ്സിനോട് സർക്കാർ നിർദ്ദേശിച്ചിരുന്നു.

എന്നാൽ, ഇന്ത്യയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനു പിന്നാലെ, ഇതിൽ മാറ്റം വരുത്താൻ കഴിഞ്ഞയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.

അതേത്തുടർന്നാണ് ഇളവുകൾ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.

ഉറ്റ ബന്ധുക്കളുടെ മരണത്തെ തുടർന്നോ, സംസ്കാരത്തിൽ പങ്കെടുക്കാനോ ഇന്ത്യയിലേക്ക് പോകാൻ ഇനി അനുവാദം ലഭിക്കും.

അടുത്ത കുടുംബാംഗങ്ങൾക്ക് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇളവ് ലഭിക്കും.

ഇതോടൊപ്പം, ഓസ്ട്രേലിയൻ പൗരനോ പെർമനന്റ് റെസിഡന്റോ ആയ കുട്ടികളെ തിരികെ കൊണ്ടുവരാനായും ഇന്ത്യയിലേക്ക് യാത്ര ചെയ്യാം.

മാതാപിതാക്കൾ ഓസ്ട്രേലിയയിലുള്ള 200ലേറെ കുട്ടികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇവരെ തിരികെ കൊണ്ടുവരാനായി മാതാപിതാക്കൾക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയും.

അതേസമയം, മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ത്യൻ യാത്രക്ക് തുടർന്നുമുണ്ടാകുമെന്ന് ബോർഡർ ഫോഴ്സ് വ്യക്തമാക്കി. ഓരോ വ്യക്തികളുടെയും സാഹചര്യം പരിഗണിച്ചാകും ഇളവ് നൽകുകയെന്നും ബോർഡർ ഫോഴ്സ് വക്താവ് പറഞ്ഞു.

യാത്ര ചെയ്യാനായി അനുമതി ലഭിച്ചവർക്ക് കൊവിഡ് വാക്സിൻ ലഭിക്കുകയും ചെയ്യും.

മേയ് 20ന് ശേഷം യാത്രാ അനുമതി ലഭിച്ചവരാണെങ്കിൽ, 50 വയസിനു താഴെയാണ് പ്രായമെങ്കിലും വാക്സിൻ ലഭിക്കും എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാനും സമാന സാഹചര്യങ്ങളിൽ ഇളവുകൾ ലഭിക്കും.

അതായത്, ഓസ്ട്രേലിയയിലുള്ള ഉറ്റ ബന്ധുക്കളുടെ മരണം, ഗുരുതര രോഗം തുടങ്ങിയ സാഹചര്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇങ്ങോട്ടേക്ക് വരാൻ ഇളവ് നൽകും.

കടപ്പാട്: SBS മലയാളം

Exit mobile version