തണുത്തു വിറച്ച് ഓസ്‌ട്രേലിയ: കൂടുതല്‍ നഗരങ്ങള്‍ അതിശൈത്യത്തിലേക്ക്

സിഡ്‌നി: യൂറോപ്പ് മുഴുവന്‍ ചുട്ടുപൊള്ളുമ്പോള്‍ ശൈത്യത്തിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ.

താപനില പൂജ്യത്തിന് താഴെ എത്തി നില്‍ക്കുന്ന ഓസ്‌ട്രേലിയയിലെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ താപനില മൈനസ് നാല് ഡിഗ്രിയിലേക്ക് താഴുമെന്ന് കലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.

ടാസ്മാനിയ, വിക്ടോറിയ, ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിറ്ററി, സൗത്ത് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അതിശൈത്യം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാപ്പിറ്റല്‍ ടെറിറ്ററിയില്‍ മൈനസ് രണ്ടാണ് ഇപ്പോഴത്തെ താപനില. ഇത് മൈനസ് നാലിലേക്ക് താഴാമെന്നാണ് മുന്നറിയിപ്പ്.

ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ച വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലുമായി മഞ്ഞ് വീഴ്ച്ചയുടെ തോത് 500 ല്‍ നിന്ന് 700 ആയി ഉയരും.

ടാസ്മാനിയയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷ.

ന്യൂ സൗത്ത് വെയില്‍സിലേക്ക് തണുത്ത കാറ്റ് നീങ്ങിയിരിക്കുന്നതിനാല്‍ സെന്‍ട്രല്‍ ടേബിള്‍ ലാന്‍ഡുകളില്‍ ശക്തമായ മഞ്ഞുവീഴ്ച്ചയ്ക്കും വടക്കന്‍ ടേബിള്‍ ലാന്‍ഡുകളില്‍ അതിശൈത്യ കാറ്റിനും സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ കാലാവസ്ഥാ നിരീക്ഷകന്‍ മിറിയം ബ്രാഡ്ബറി പറയുന്നു.

ഓസ്ട്രേലിയയുടെ മിക്ക ഭാഗങ്ങളിലും ശരാശരിയിലും താഴെയാണ് താപനില. ബുധനാഴ്ച്ചയോടെ മിക്ക സംസ്ഥാനങ്ങളിലും താപനില മൈനസ് നാല് ഡിഗ്രിയിലേക്ക് താഴ്‌ന്നേക്കും.

കാന്‍ബെറയിലും മൈനസ് ഡിഗ്രിയിലേക്ക് താപനില നീങ്ങുമെന്നാണ് പ്രവചനം.

സിഡ്നി, അഡ്ലെയ്ഡ്, ബ്രിസ്ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ 10 നും അഞ്ചിനും ഇടയില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കും.

2016 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ശൈത്യകാലമാണ് മെല്‍ബണില്‍ അനുഭവപ്പെട്ടത്. മെല്‍ബണില്‍ ഈ മാസം തന്നെ 12 ദിവസങ്ങളില്‍ പ്രഭാതത്തില്‍ താപനില പൂജ്യത്തിന് താഴെയായിരുന്നു.

അഞ്ചു ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ശരാശരി താപനില.

ക്വീന്‍സ് ലാന്‍ഡ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ തുടങ്ങിയ സാധാരണ ചൂടുള്ള സംസ്ഥാനങ്ങള്‍ പോലും കഴിഞ്ഞ കുറച്ച് മാസങ്ങളായി മഞ്ഞുവീഴ്ച്ച ശക്തമാണ്.

കിഴക്കന്‍ വിക്ടോറിയയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയില്‍സിലെ മഞ്ഞുമലകളിലും തെക്ക് പടിഞ്ഞാറന്‍ ചരിവുകളിലും ആല്‍പൈന്‍ പ്രദേശങ്ങളിലും ശക്തമായ തണുത്തകാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ പാതി വരെ ശൈത്യം തുടര്‍ന്നേക്കാം.

പിന്നെ വസന്തകാലത്തേക്കുള്ള പ്രവേശനമാണ്.

സെപ്റ്റംബറിനും നവംബറിനുമിടയില്‍ തെക്ക്-കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും തെക്ക്-കിഴക്കന്‍ ഓസ്‌ട്രേലിയയിലും പരമാവധി താപനില ശരാശരിക്ക് മുകളിലായിരിക്കുമെന്നും പ്രവചനം ഉണ്ട്.

ടാസ്മാനിയയിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും വസന്തകാലത്ത് പരമാവധി താപനിലയ്ക്കും സാധ്യത ശക്തമാണ്.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള ഏറ്റവും കുറഞ്ഞ താപനില ഓസ്ട്രേലിയയിലുടനീളം ശരാശരിക്ക് മുകളിലായിരിക്കുമെന്നും ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലകളിലും തെക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും അത് 80 ശതമാനത്തിലധികമായേക്കുമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button