വിക്ടോറിയയിൽ കുരങ്ങുപനി; NSWൽ ഒരാൾ നിരീക്ഷണത്തിൽ

ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ ഒരു വിക്ടോറിയക്കാരനിൽ കുരങ്ങുപനി (Monkeypox) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ഒരാൾ നിരീക്ഷണത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി

രണ്ട് വർഷത്തിലേറെയായുള്ള കൊവിഡ് ബാധക്കും, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പടർന്ന് പിടിച്ച ജപ്പാൻ ജ്വരത്തിനും ശേഷം വിക്ടോറിയയിൽ കുരങ്ങുപനി കണ്ടെത്തി.

മേയ് 16ന് മെൽബണിൽ തിരിച്ചെത്തിയ 30 കാരനിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച വ്യക്തി ബ്രിട്ടനിൽ കുരങ്ങുപനി ബാധയുള്ള പ്രദേശം സന്ദർശിച്ചിരുന്നതായി അധികൃതർ പറഞ്ഞു. രോഗംബാധിച്ചയാൾ മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.

ന്യൂ സൗത്ത് വെയിൽസിൽ യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയ 40 വയസുകാരനാണ് നിരീക്ഷണത്തിൽ.

ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങളാണ് കുരങ്ങുപനി ബാധിച്ചിട്ടുള്ളവരിലും കാണുകയെന്ന് വിക്ടോറിയൻ ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

പനി, തലവേദന, പേശീ വേദന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചർമ്മത്തിൽ തടിപ്പും വീർത്ത ലിംഫ് നോഡുകളും രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ഈ വൈറസ് പെട്ടെന്ന് പടരുന്നതല്ല എന്ന് ചീഫ് ഹെൽത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു. സാധാരണ രണ്ടോ മൂന്നോ ആഴ്ചകൾക്കകം രോഗം ഭേദമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർമ്മത്തിലെ മുറിവുകളോ, പഴുപ്പ് ഉൾപ്പെടെയുള്ള ശരീരദ്രവമോ സ്പർശിക്കുന്നത് വഴി രോഗം പടരാം. ദീർഘനേരമുള്ള മുഖാമുഖ സമ്പർക്കത്തിൽ ശ്വാസം വഴിയും വൈറസ് പടരുമെന്നും അദ്ദേഹം പറഞ്ഞു. 

രോഗലക്ഷണങ്ങൾ ഉള്ളവർ ഏറ്റവും അടുത്ത ആശുപത്രിയിൽ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 

ബ്രിട്ടൻ, സ്പെയിൻ, പോർച്ചുഗൽ, അമേരിക്ക, ഇറ്റലി, സ്വീഡൻ, ഫ്രാൻസ് കാനഡ എന്നീ രാജ്യങ്ങളിൽ അടുത്തിടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. 

താഴെ നൽകിയിരിക്കുന്ന വിമാന സർവീസുകളിൽ യാത്ര ചെയ്തവരുമായി കോൺടാക്ട് ട്രേസിംഗ് നടത്തുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

• flight EY10 which departed London on 14 May and landed in Abu Dhabi at 0615
• flight EY462 which departed Abu Dhabi on 15 May and landed in Melbourne at 0545 on 16 May

കടപ്പാട്: SBS മലയാളം

Related Articles

Back to top button