ഓസ്‌ട്രേലിയയിൽ യു എസ് ബയോടെക്നോളജി കമ്പനിയുടെ വാക്‌സിനായ മൊഡേണ കൊവിഡ് വാക്‌സിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പ്രാഥമിക അനുമതി നൽകി.
ഓസ്‌ട്രേലിയയിൽ ഫൈസർ വാക്‌സിനും ആസ്ട്രസെനക്ക വാക്‌സിനുമാണ് നിലവിൽ വിതരണാനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകൾ.
രാജ്യത്ത് ആസ്ട്രസെനക്ക വാക്‌സിൻ ഒക്ടോബറിന് ശേഷം ആവശ്യമായി വരില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന മൊഡേണ വാക്‌സിന് TGA വ്യാഴാഴ്ച പ്രാഥമിക അനുമതി നൽകിയത്.
12 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ഈ വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് TGA അറിയിച്ചു.
തികച്ചും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാക്‌സിന് രജിസ്‌ട്രേഷനും, വിതരണത്തിനും അനുമതി നല്കുകയുള്ളുവെന്ന് TGA വ്യക്തമാക്കി.
വിതരണാനുമതി ലഭിച്ചാൽ ഓസ്‌ട്രേലിയയിൽ അംഗീകാരം നൽകുന്ന മൂന്നാമത്തെ വാക്‌സിനാകും മൊഡേണ.
മൊഡേണ വാക്‌സിന്റെ 25 മില്യൺ ഡോസുകളാണ് ഫെഡറൽ സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.
ഫൈസർ വാക്‌സിനാണ് ഓസ്ട്രേലിയ വാങ്ങിയ മറ്റൊരു mRNA വാക്‌സിൻ.
മൊഡേണ വാക്‌സിന്റെ 10 മില്യൺ ഡോസുകൾ ഈ വർഷവും, ബാക്കി ഡോസുകൾ 2022ലും ഓസ്‌ട്രേലിയയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്ത് സെപ്റ്റംബർ മുതൽ ആഴ്ചയിൽ 87,000നും 125,000നുമിടയിൽ മൊഡേണ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഒക്ടോബറിനും ഡിസംബറിനുമിടയിൽ ആഴ്‌ചയിൽ 23 ലക്ഷം ഫൈസർ വാക്‌സിൻ നൽകുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു.
അതേസമയം, പാർശ്വഫലങ്ങളെത്തുടർന്ന് 60 വയസിന് മേൽ പ്രായമായവർക്ക് മാത്രം ആസ്ട്രസെനക്ക വാക്‌സിൻ നൽകിയാൽ മതിയെന്നാണ് ഓസ്‌ട്രേലിയൻ ടെക്നീക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്.
ഇതേത്തുടർന്ന് ഒക്ടോബറിന് ശേഷം ആസ്ട്രസെനക്ക വാക്‌സിൻറെ ആവശ്യം രാജ്യത്ത് ഇല്ലാതാകുമെന്നാണ് ഫെഡറൽ സർക്കാർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്.
കടപ്പാട്: SBS മലയാളം