ലോകത്ത് വീട്ടിലിരുന്നു ജോലി ചെയ്യാൻ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിൽ മെൽബൺ ഒന്നാം സ്ഥാനം നേടി. സിഡ്നി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
ഓൺ ഡിമാൻഡ് ഹൗസിംഗ് പ്ലാറ്റ്ഫോമായ നെസ്റ്റ്പിക്ക് നടത്തിയ സർവേയിലാണ് മെൽബൺ ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടികയിലുള്ള 75 നഗരങ്ങളിൽ ജീവിക്കുന്നവർക്കിടയിലാണ് നെസ്റ്റ്പിക്ക് സർവേ നടത്തിയത്.
റിമോട്ട് വർക്കിംഗ് ഇൻഫ്രാസ്ട്രക്ച്ചർ, സ്വാതന്ത്ര്യവും അവകാശവും, ലിംഗ സമത്വം, ആരോഗ്യസേവനം, സംസ്കാരം, മലിനീകരണം തുടങ്ങിയ സർവേയിൽ മാനദണ്ഡങ്ങളിൽ 100ൽ 90 പോയിന്റുകൾ വീതം നേടിയാണ് മെൽബൺ പട്ടികയിൽ ഒന്നാമതെത്തിയത്.
ലോകത്തെ ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് മെൽബണ് സ്ഥാനം നഷ്ടമായിരുന്നു. പത്ത് വർഷമായി രണ്ടാം സ്ഥാനം മുറുകെപ്പിടിച്ചിരുന്ന മെൽബൺ ഈ വർഷം എട്ടാം സ്ഥാനത്താണ്.
ഇതിനിടെയാണ് വർക്ക് ഫ്രം ഹോമിന് ഏറ്റവും മികച്ച നഗരമായി മെൽബൺ ഒന്നാമതെത്തിയത്.
അതേസമയം, മൂന്നാം സ്ഥാനം സ്വന്തമാക്കി സിഡ്‌നിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സിഡ്‌നിയിലെ ഉയർന്ന വാടക നിരക്കും, ജീവിതച്ചിലവുമാണ് സിഡ്‌നിയെ പിന്തള്ളി മെൽബൺ ഒന്നാംസ്ഥാനം കരസ്ഥമാക്കാൻ കാരണമായത്.
ദുബായ് ആണ് രണ്ടാം സ്ഥാനത്ത്. എസ്റ്റോണിയയിലെ ടാലിൻ നാലാം സ്ഥാനത്താണെങ്കിൽ ലണ്ടന് ആണ് അഞ്ചാം സ്ഥാനം.
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ പട്ടികയിൽ ആറാമത് ഉണ്ട്. സിംഗപ്പൂർ, ഗ്ലാസ്‌ഗോവ്, മൊൺട്രിയൽ, ബെർലിൻ എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയിക്കുന്ന മറ്റ് നഗരങ്ങൾ.
കടപ്പാട്: SBS മലയാളം