മെൽബണിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ അടിമപ്പണി ചെയ്യിച്ച കേസിൽ ദമ്പതികൾക്ക് വിക്ടോറിയൻ സുപ്രീം കോടതി ജയിൽ ശിക്ഷ വിധിച്ചു.
ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന പ്രായമായ സ്ത്രീയെയാണ് ദമ്പതികൾ അടിമപ്പണി ചെയ്യിച്ചത്.
മൗണ്ട് വേവർലിയിലുള്ള 53 കാരിയായ കുമുദിനി കണ്ണൻ, ഭർത്താവ് 57 കാരനായ കന്ദസ്വാമി എന്നിവരെയാണ് വിക്ടോറിയൻ സുപ്രീം കോടതി ശിക്ഷിച്ചത്.
കുമുദിനിക്ക് എട്ട് വർഷമാണ് ജയിൽ ശിക്ഷ. നാല് വർഷത്തിന് ശേഷമേ പരോൾ ലഭിക്കുകയുള്ളു. കന്ദസ്വാമിക്ക് ആറ് വർഷം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. മൂന്ന് വർഷത്തിന് ശേഷമേ ഇയാൾക്ക് പരോൾ ലഭിക്കുകയുള്ളു.
2007 മുതൽ 2015 വരെയുള്ള കാലയളവിൽ മൗണ്ട് വേവർലിയിലുള്ള വീട്ടിൽ പ്രായമായ സ്ത്രീയെ എട്ട് വർഷം അടിമപ്പണി ചെയ്യിച്ചു എന്ന കേസിൽ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി ഏപ്രിലിൽ കണ്ടെത്തിയിരുന്നു.
2015 ജൂലൈയിൽ അവശയായ സ്ത്രീ മൂത്രത്തിൽ കിടക്കുന്ന നിലയിലാണ് പാരാമെഡിക്സ് കണ്ടതെന്ന് ജസ്റ്റിസ് ജോൺ ചാമ്പ്യൻ വിധി പ്രസ്താവത്തിൽ പറഞ്ഞു.
30 ദിവസത്തെ ടൂറിസ്റ്റ് വിസയിൽ ഓസ്‌ട്രേലിയയിലെത്തിയ ഇവരെ പാചകം ചെയ്യാനും, കുട്ടികളെ ശുശ്രൂഷിക്കാനും, വീട് വൃത്തിയാകാനുമെല്ലാം ദമ്പതികൾ നിർബന്ധിക്കുകയായിരുന്നു. ദിവസം 3.39 ഡോളറാണ് ഇവർക്ക് നൽകിയിരുന്നത്.
ഫ്രീസറിൽ നിന്നെടുത്ത ചിക്കൻ ഉപയോഗിച്ച് ഇവരെ അടിച്ചിരുന്നുവെന്നും, ശരീരത്തിൽ ചൂട് വെള്ളം കോരി ഒഴിച്ചിരുന്നുവെന്നും ഇവർ ജൂറി വിചാരണയിൽ പറഞ്ഞിരുന്നു.
പ്രായമായ സ്ത്രീയെ അടിമപ്പണി ചെയ്യിച്ച ദമ്പതികൾക്ക് കുറ്റബോധമൊന്നുമില്ലെന്നും ജഡ്ജി പറഞ്ഞു. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ് ദമ്പതികൾ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രായമായ സ്ത്രീ ഇപ്പോൾ മെൽബണിലെ ഒരു ഏജ്ഡ് കെയറിൽ കഴിയുകയാണ്. എന്നാൽ ഇവർ നേരിട്ട ഉപദ്രവങ്ങളുടെ പ്രത്യാഘാതങ്ങൾ ഈ സ്ത്രീയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.
കടപ്പാട്: SBS മലയാളം