മെൽബണിൽ ഒരു വൈറസ് ബാധ കൂടി; ആശുപത്രികളിലെ സൈക്കാട്രിക് വാർഡുകൾ അടച്ചു
മെൽബണിൽ പുതുതായി ഒരാൾക്ക് കൂടി കൊറോണബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവർ ജോലിചെയ്ത മൂന്ന് ആശുപത്രികളിലെ സൈക്കാട്രിക് വാർഡുകൾ അടച്ചു.
നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പാക്കി മൂന്നാം ദിവസം സംസ്ഥാനത്ത് പുതുതായി ഒരു കേസ് കൂടി സ്ഥിരീകരിച്ചു.
ഇതോടെ ക്വാറന്റൈൻ ഹോട്ടലായ ഹോളിഡേ ഇന്നുമായി ബന്ധപ്പെട്ട രോഗബാധയുടെ എണ്ണം 17 ആയി.
ഞായറാഴ്ച രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. വടക്കൻ മെൽബണിലെ ഒരു പരിപാടിയിൽ പങ്കെടുത്ത മൂന്ന് വയസ്സുള്ള കുട്ടിക്കും 50 വയസ്സുള്ള സ്ത്രീക്കുമാണ് രോഗം കണ്ടെത്തിയത്.
മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുടെ അമ്മക്കാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവർക്ക് പല തവണ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം വ്യകതമായിരുന്നില്ല. ഫെബ്രുവരി 13 നും 14 നുമിടയിൽ നാല് പരിശോധനകൾ നടത്തിയെങ്കിലും രോഗബാധ സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇവരിൽ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തെ തുടർന്ന് ഇവർ ജോലി ചെയ്ത മൂന്ന് ആശുപത്രികളിലെ സൈക്കാട്രിക് വാർഡുകൾ അടച്ചു.
ആൽഫ്രഡ് ആശുപത്രി, എപ്പിംഗിലെ നോർത്തേൺ ആശുപത്രി, ബ്രോഡ്മെഡോസ് ആശുപത്രി എന്നിവിടങ്ങളിലെ സൈക്കാട്രിക് വാർഡുകളാണ് അടച്ചത്.
ഇവരുമായി സമ്പർക്കത്തിലായ ഈ മൂന്ന് ആശുപത്രികളിലെയും ജീവനക്കാരും രോഗികളും ഉൾപ്പെടെ 150 പേരോട് ഐസൊലേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ഇതോടെ ഹോളിഡേ ഇൻ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 1,100 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗബാധിതർ സഞ്ചരിച്ച കൂടുതൽ സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇതിൽ മെൽബണിലെ ക്വീൻ വിക്ടോറിയ മാർക്കറ്റും ഉൾപ്പെടുന്നുണ്ട്.
വിക്ടോറിയയിൽ വീണ്ടും കൊവിഡ് ബാധ കൂടിവരുന്നതോടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ തുടരുകയാണ്.
സംസ്ഥാനത്ത് ബുധനാഴ്ച രാത്രി വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വീണ്ടും നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
കടപ്പാട്: SBS മലയാളം