കുടിയേറി ജീവിക്കാൻ ഓസ്ട്രേലിയയിലെ ഏറ്റവും നല്ല നഗരം മെൽബൺ

ലോകത്തിൽ ഏറ്റവും മികച്ചത് വലൻസിയ

ലോകത്തിൽ കുടിയേറി ജീവിക്കാൻ ഏറ്റവും നല്ല ആദ്യ പത്തു നഗരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയയിൽ നിന്ന് മെൽബൺ മാത്രം ഇടംപിടിച്ചു. പട്ടികയിൽ എട്ടാം സ്ഥാനത്താണ് മെൽബൺ.

ലോകത്തിലെ മികച്ച കുടിയേറ്റ നഗരങ്ങളെ കണ്ടെത്താായി ഇന്റർനേഷൻസ് എന്ന സംഘടന നടത്തിയ സർവേയുടെ ഫലമാണ് പുറത്തു വന്നത്.

181 രാജ്യങ്ങളിൽ ജീവിക്കുന്ന 12,000ഓളം കുടിയേറ്റക്കാര്ക്കിടയിലായിരുന്നു സർവേ നടന്നത്.

നഗരജീവിതത്തിലെ 56 ഘടകങ്ങളെക്കുറിച്ചായിരുന്നു സർവേ.

സ്പെയിനിലെ വലൻസിയയാണ് കുടിയേറിജീവിക്കാൻ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കുറഞ്ഞ ജീവിതച്ചലെവും, സൗഹാർദ്ദപരമായ അന്തരീക്ഷവുമെല്ലാമാണ് വലൻസിയയെ മുന്നിലെത്തിച്ചത്.

ഇതോടൊപ്പം, കുറഞ്ഞ ചെലവിലെ പൊതുഗതാഗതമാർഗ്ഗങ്ങളും, സാമൂഹ്യ ജീവിതത്തിനു ലഭിക്കുന്ന സുരക്ഷയുമെല്ലാം വലൻസിയയ്ക്ക് ഗുണകരമായി.

ദുബായിയാണ് പട്ടികയിലെ രണ്ടാം നഗരം.

നികുതി രഹിത ജീവിതവും, മികച്ച അടിസ്ഥാന സൗകര്യങ്ങളും, സർക്കാർ സേവനങ്ങളുമെല്ലാമാണ് കുടിയേറ്റക്കാർ ദുബായിയെ തെരഞ്ഞെടുക്കാൻ കാരണം.

കുറഞ്ഞ ജീവിതച്ചെലവും, സൗഹാർദ്ദപരമായ ചുറ്റുപാടും കാരണം മെക്സിക്കോ സിറ്റി പട്ടികയിൽ മൂന്നാമതെത്തി.

സിഡ്നിയെക്കാൾ മുന്നിൽ മെൽബൺ

ഓസ്ട്രേലിയയിൽ നിന്ന് ആദ്യ പത്തിൽ ഇടം പിടിച്ച ഏക നഗരം മെൽബണാണ്.

വളരെ എളുപ്പത്തിൽ ഇഴുകിച്ചേരാവുന്ന നഗരം എന്നാണ് മെൽബണിനെക്കുറിച്ച് സർവേയിൽ പങ്കെടുത്തവർ നൽകിയ പ്രതികരണം.
പട്ടികയിൽ 13ാം സ്ഥാനത്താണ് സിഡ്നിയുള്ളത്.

ജീവിതനിലവാരത്തിന്റെ കാര്യത്തിൽ മറ്റു പല ലോകനഗരങ്ങളെക്കാളും പിന്നിലായാണ് മെൽബണിനെയും സിഡ്നിയെയും കുടിയേറ്റ സമൂഹങ്ങൾ വിലയിരുത്തുന്നത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

50 കുടിയേറ്റ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിൽ വന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗാണ്.

സുരക്ഷിതത്വമില്ലായ്മ, വീടുകിട്ടാനുള്ള പ്രയാസം, ജീവിതനിലവാരത്തിലെ കുറവ് തുടങ്ങി നിരവധികാരണങ്ങളാണ് ജോഹന്നസ്ബർഗിന് തിരിച്ചടിയായത്.

ഫ്രാങ്ക്ഫർട്ട്, പാരിസ്, ഇസ്താംബുൾ, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളും 50 നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലാണ്.

ഇന്ത്യൻ നഗരങ്ങളൊന്നും തന്നെ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

കടപ്പാട്: SBS മലയാളം

Exit mobile version