മെഡിബാങ്ക് സൈബർ ആക്രമണം: ആയിരകണക്കിന് പേരുടെ വ്യക്തിവിവരങ്ങൾ ചോർന്നു
മെഡിബാങ്കിന് നേരെയുള്ള സൈബറാക്രമണത്തിൽ ചോർന്നിരിക്കുന്നത് ആയിരകണക്കിന് പേരുടെ വ്യക്തിവിവരങ്ങളെന്ന് കമ്പനിയുടെ പുതിയ വെളിപ്പെടുത്തൽ. ഫെഡറൽ പോലീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു.
മെഡിബാങ്കിന് നേരെയുള്ള സൈബർ ആക്രമണത്തിൽ മുൻപ് കരുതിയതിലും വിപുലമായ രീതിയിൽ ഡാറ്റ ചോർന്നിരിക്കുന്നതായി കമ്പനി വെളിപ്പെടുത്തി.
സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുള്ള മെഡിബാങ്കിന്റെ മുൻ ഉപഭോകതാക്കളെയും നിലവിലുള്ള കസ്റ്റമേഴ്സിനെയും കമ്പനി ബന്ധപ്പെടുമെന്ന് അറിയിച്ചു.
ഡാറ്റ ഹാക്ക് ചെയ്തവർ മുൻപ് കരുതിയതിലും കൂടുതൽ വ്യക്തിവിവരങ്ങൾ അടങ്ങിയ ഫയലുകൾ ചോർത്തിയെന്നത് ആശങ്കയ്ക്ക് വകയൊരുക്കുന്നതായി ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി പറഞ്ഞു.
മെഡിബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങളും, അനുബന്ധിച്ച് പ്രവർത്തിക്കുന്ന അഹമ് എന്ന കമ്പനിയുടെ ആയിരം റെക്കോർഡുകളും ചോർന്നതായാണ് റിപ്പോർട്ട്. ഇതിൽ സ്വകാര്യ വിവരങ്ങളും ആരോഗ്യ ക്ലെയിമുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുന്നു.
രാജ്യാന്തര വിദ്യാർത്ഥികളായ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞയാഴ്ച വന്നതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തൽ.
ഓപ്റ്റസിന് നേരെയുള്ള സൈബർ ആക്രമണത്തിന് പിന്നാലെയാണ് മറ്റൊരു വൻ സൈബർ ആക്രമണം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ആകെ നാല്പത് ലക്ഷത്തോളം ഉപഭോക്താക്കളാണ് മെഡിബാങ്കിനുള്ളത്. സൈബർ ആക്രമണം ബാധിച്ചവരുടെ എണ്ണം കൂടാൻ ഇടയുണ്ടെന്ന് മെഡിബാങ്ക് പറഞ്ഞു.
ഇമെയിൽ, ടെക്സ്റ്റ്, ഫോൺ എന്നിവ മുഖാന്തരമുള്ള സംശയാസ്പദകമായ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
ഡാറ്റ വീഴ്ച ബാധിച്ചിരിക്കുന്നവരോട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കൊച്ച്കർ ആവർത്തിച്ച് മാപ്പ് പറഞ്ഞു.
ഹാക്കിങ്ങിനെതിരെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ക്രിമിനൽ അന്വേഷണം ആരഭിച്ചിട്ടുണ്ട്.
ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ മെഡിബാങ്കുമായി ധാരണയിലെത്താൻ ശ്രമം നടത്തുന്നതായി സൈബർ സുരക്ഷാ മന്ത്രി ക്ലെയർ ഒ നീൽ പറഞ്ഞു.
അതെസമയം സ്വകാര്യ വിവരങ്ങൾ ശരിയായ രീതിയിൽ സംരക്ഷിക്കാൻ കഴിയാത്ത കമ്പനികൾക്ക് മേലുള്ള പിഴ കുത്തനെ ഉയർത്തുവാൻ ഉദ്ദേശിച്ചുള്ള ബില്ല് ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
കടപ്പുട്: SBS മലയാളം