സിഡ്‌നി: ഓസ്ട്രേലിയയിൽ ഒട്ടനവധി മലയാളികൾ ഉൾപ്പെടെഏകദേശം 10 ദശലക്ഷം ഉപയോക്താക്കളെ ബാധിച്ച പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ മെഡിബാങ്കിന് നേരേയുണ്ടായ സൈബർ ആക്രമണം നടത്തിയത് റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്.
സൈബർ ആക്രമണത്തെ ഒരു ബിസിനസ് എന്ന പോലെ ആസൂത്രണം ചെയ്യ്ത് നടപ്പാക്കുന്ന ഒരു കൂട്ടം കുറ്റവാളികളാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുന്നതെന്നാണ് ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നത്.
കുറ്റകൃത്യത്തിന് ഉത്തരവാദികളായ വ്യക്തികളെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്കനുസരിച്ച് നേരിടാൻ ഓസ്‌ട്രേലിയൻ അധികൃതർ റഷ്യൻ നിയമപാലകരുമായി ചർച്ച നടത്തുമെന്നും എഎഫ്‌പി കമ്മീഷണർ റീസ് കെർഷോ പറഞ്ഞു.
സൈബർ ആക്രമണത്തിന് ഉത്തരവാദികൾ റഷ്യയിലാണെന്ന് പോലീസ് വിശ്വസിക്കുന്നു. ഈ സംഘത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മുൻകാല സുപ്രധാന സൈബർ ആക്രമണങ്ങളുമായി ബന്ധമുണ്ടെന്നും കമ്മീഷണർ കെർഷോ പറഞ്ഞു.
സൈബർ ആക്രമണങ്ങൾ ഒരു രാജ്യത്ത് നടക്കുമ്പോൾ മറ്റ് പല രാജ്യങ്ങളിലും ഉള്ള വ്യക്തികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും പ്രയോജനം നേടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻറർനെറ്റിലും ഡാർക്ക് വെബിലും എഎഫ്‌പി പരിശോധന നടത്തി. സൈബർ ആക്രമണത്തിലൂടെ ലാഭം കൊയ്യാൻ ശ്രമിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതായും കമ്മീഷണർ കെർഷോ പറഞ്ഞു.
കുറ്റവാളികൾ ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിക്കാതിരിക്കാൻ എല്ലാ ഓസ്‌ട്രേലിയക്കാരും നിയമപാലകരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സംവിധാനങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്ഥാപനങ്ങളും ഉത്തരവാദിത്തപെട്ടവരും തങ്ങളുടെ ഭാഗം കൃത്യമായി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ തിരികെ ലഭിക്കാൻ മോചനദ്രവ്യം നൽകുന്നതിനെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് കമ്മീഷണർ കെർഷ ആവർത്തിച്ചു. കാരണം മോചനദ്രവ്യം നൽകുന്നത് ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഉത്തരവാദികളായ കുറ്റവാളികൾക്കും കെർഷോ ശക്തമായ മുന്നറിയിപ്പ് നൽകി. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാം. വിദേശ കുറ്റവാളികളെ ഓസ്‌ട്രേലിയയിലേക്ക് നീതിന്യായ വ്യവസ്ഥയെ നേരിടാൻ തിരികെ കൊണ്ടുവരുമ്പോൾ എഎഫ്‌പിക്ക് സ്‌കോർബോർഡിൽ കാര്യമായ ചില റൺസ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് വ്യക്തമായതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബാനീസി സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു എഎഫ്‌പിയുടെ പ്രഖ്യാപനം.
വെറുപ്പുളവാക്കുന്ന ആക്രമണങ്ങൾക്കും വളരെ സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടുന്ന ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ ഓസ്‌ട്രേലിയക്കാരുടെ കൂടുതൽ സ്വകാര്യ ആരോഗ്യ രേഖകൾ ഡാർക്ക് വെബിൽ പുറത്തുവിട്ട ഹാക്കർമാരെ ആൽബനീസി അപലപിക്കുകയും ചെയ്തു.
സൈബർ ആക്രമണത്തിലൂടെ ചോർത്തിയ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് വെബ്ബിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഉപയോക്താക്കളുടെ പേര്, വിലാസം, ജനന തിയതി എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് സൈബർ കുറ്റവാളികൾ ഡാർക്ക് വെബ് ഫോറത്തിൽ അപ്ലോഡ് ചെയ്തത്.
അഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടതായി മെഡിബാങ്ക് തന്നെയാണ് സ്ഥിരീകരിച്ചത്.
മെഡിബാങ്കിന്റെ നിലവിലുള്ള 9.7 ദശലക്ഷം ഉപഭോക്താക്കളെയും നേരത്തെയുണ്ടായിരുന്ന ഉപയോക്താക്കളെയും സൈബർ ആക്രമണം ബാധിച്ചിരുന്നു. ഡാറ്റ പുറത്തുവിടുന്നത് തടയാൻ ഹാക്കർമാർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.
ഓരോരുത്തരുടെയും ഡാറ്റയ്ക്ക് 1.60 ഡോളർ വീതമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് കൂടുതൽ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നതിനാൽ നൽകില്ലെന്ന് മെഡിബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മോചനദ്രവ്യം നൽകാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് ഹാക്കർമാർ ഡാറ്റ പുറത്തുവിട്ടത്.