സിഡ്നിയിലെ ഇടത്തരം വീടുവില 1.6 മില്യൺ ഡോളറായി ഉയർന്നു

ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി തലസ്ഥാന നഗരികളിലെ ഇടത്തരം (മീഡിയൻ) വീടുവില പത്തു ലക്ഷം ഡോളറിന് മുകളിലേക്ക് ഉയർന്നു. സിഡ്നിയിൽ ദിവസം 1,100 ഡോളർ എന്ന നിരക്കിലാണ് 2021ൽ വില കൂടിയത്.

ഓസ്ട്രേലിയയിലെ വീടുവിലയിൽ ശരാശരി 25.2 ശതമാനത്തിന്റെ വർദ്ധനവ് കഴിഞ്ഞ ഒരു വർഷം കൊണ്ടുണ്ടായി എന്നാണ് ഡൊമെയ്ന്റെ ഏറ്റവും പുതിയ വീടുവില റിപ്പോർട്ട് വ്യക്തമാക്കുന്നത്.

തലസ്ഥാന നഗരങ്ങളിലെ ശരാശരി മീഡിയൻ വീടുവില 2021 ഡിസംബറിൽ 10,66,133 ഡോളറായി ഉയർന്നിട്ടുണ്ട്.

ഇതാദ്യമായാണ് തലസ്ഥാന നഗരങ്ങളിലെ ശരാശരി ഒരു മില്യൺ ഡോളറിന് മുകളിലേക്ക് ഉയരുന്നത്.

മുൻ വർഷങ്ങളെപ്പോലെ സിഡ്നിയിലാണ് ഏറ്റവുമധികം വില കൂടിയിരിക്കുന്നത്.

നാലു ലക്ഷം ഡോളറാണ് സിഡ്നിയിലെ മീഡിയൻ വീടുവിലയിൽ ഉണ്ടായത്. അതായത്, ദിവസം ശരാശരി 1,100 ഡോളർ എന്ന നിരക്കിൽ.

സിഡ്നിയിലെ മീഡിയൻ വില 1.6 മില്യൺ ഡോളറായാണ് വർദ്ധിച്ചിരിക്കുന്നത്.

പെർത്ത് ഒഴികെ മറ്റെല്ലാ തലസ്ഥാന നഗരങ്ങളിലും രണ്ടക്കത്തിലുള്ള വർദ്ധനവാണ് വീടുവിലയിൽ ഉണ്ടായിരിക്കുന്നത്.

പെർത്തിലെ വാർഷിക വില വർദ്ധനവ് 7.5 ശതമാനം മാത്രമാണെന്നും ഡൊമെയ്ൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വീടു വിലയിൽ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായത് ക്യാൻബറയിലാണ്. 36.6 ശതമാനം വർദ്ധനവ്.

മെൽബണിനെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന മീഡിയൻ വിലയിലേക്കാണ് ക്യാൻബറ എത്തി നിൽക്കുന്നത്. 1.17 മില്യണാണ് ക്യാൻബറയിലെ മീഡിയൻ വില.

തലസ്ഥാന നഗരങ്ങളിലെ മീഡിയൻ വില ഇങ്ങനെയാണ്.

നഗരംമീഡിയൻ വിലവാർഷിക വർദ്ധനവ്
സിഡ്നി$1,601,46733.1%
മെൽബൺ$1,101,61218.6%
ബ്രിസ്ബൈൻ$792,06525.7%
അഡ്ലൈഡ്$731,54727.5%
കാൻബറ$1,178,36436.6%
പെർത്ത്$752,1107.5%
ഹോബാർട്ട്$752,11034.6%
ഡാർവിൻ$645,48725.2%

അതേസമയം, വീടുവിലയിലുണ്ടായതിന് സമാനായ നിരക്കുവർദ്ധനവ് യൂണിറ്റ് വിലയിൽ ഉണ്ടായിട്ടില്ല.

എട്ടു ലക്ഷം ഡോളറാണ് സിഡ്നിയിലെ മീഡിയൻ യൂണിറ്റ് വില. 2020 ഡിസംബറിൽ 7.40 ലക്ഷം ഡോളറായിരുന്നു.

അതായത്, 8.3 ശതമാനം വർദ്ധനവ്.

സിഡ്നിയിൽ മാത്രമല്ല, മറ്റു നഗരങ്ങളിലും യൂണിറ്റി വിലയെക്കാൾ നാലിരട്ടി വേഗതയിലാണ് വീടുവില കൂടിയതെന്ന് ഡൊമെയ്ൻ ചീഫ് ഓഫ് റിസർച്ച് ആന്റ് എക്കണോമിക്സ് ഡോ. നിക്കോള പവൽ ചൂണ്ടിക്കാട്ടി.

വായ്പാ പലിശ നിരക്ക് റെക്കോർഡ് കുറവിൽ നിൽക്കുന്നതും, ജനങ്ങളുടെ കൈവശമുള്ള നീക്കിയിരിപ്പ് കൂടിയതും വില ഇത്രയും കൂടാൻ കാരണമായി എന്നാണ് ഡോ. പവലിന്റെ വിലയിരുത്തൽ.

കൊവിഡ് സമയത്ത് കൂടുതൽ സമയം വീട്ടിൽ തന്നെ ചെലവഴിക്കേണ്ടിവരുന്നതും പലരെയും വീടു വാങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

എന്നാൽ 2021ലെ അതേ തോതിലുള്ള വില വർദ്ധനവ് 2022ൽ ഉണ്ടായേക്കില്ല എന്നാണ് കോർ ലോജിക് ചൂണ്ടിക്കാട്ടുന്നത്.

സിഡ്നിയിൽ വില കൂടുന്നതിന്റെ പ്രതിമാസ നിരക്കിൽ കുറവു വന്നതായി കോർ ലോജിക്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വീടുകളുടെ ലഭ്യത കൂടിയതാണ് ഇതിന്റെ പ്രധാന കാരണം.

പലിശ നിരക്കുകൾ ഈ വർഷം വർദ്ധിക്കുകയാണെങ്കിൽ അതും വില വർദ്ധനവ് പിടിച്ചുനിർത്തും എന്നാണ് കോർ ലോജിക്കിന്റെ റിപ്പോർട്ട്.

കടപ്പാട്: SBS മലയാളം

Exit mobile version