സിഡ്നിയിൽ മാസ്ക് നിർബന്ധമാക്കി; ധരിക്കാത്തവർക്ക് 200 ഡോളർ പിഴ
സിഡ്നിയിൽ ഏഴ് പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതിനു പിന്നാലെ നിർദ്ദിഷ്ട ഇൻഡോർ മേഖലകളിൽ മാസ്ക് നിർബന്ധിതമാക്കി.
ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ന്യൂ സൗത്ത് വെയിൽസിൽ മാസ്ക് നിർബന്ധമാക്കുന്നത്.
ഗ്രേറ്റർ സിഡ്നി മേഖലയിൽ ഇന്ന് (ശനിയാഴ്ച) അർദ്ധരാത്രി മുതൽ താഴെ പറയുന്ന മേഖലകളിൽ മാസ്ക് നിർബന്ധമായിരിക്കും.
സിഡ്നിക്ക് പുറമേ, വൊളംഗോംഗ്, സെൻട്രൽ കോസ്റ്റ്, ബ്ലൂ മൗണ്ടൻ മേഖലകളിലും മാസ്ക് നിർബന്ധമാണ്.
- ഷോപ്പിംഗ് (സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ)
- പൊതുഗതാഗത രംഗവും മറ്റ് പൊതുവാഹനങ്ങളും
- സിനിമ/തിയറ്റർ തുടങ്ങിയ ഇൻഡോർ വിനോദമേഖലകൾ
- ആരാധനാലയങ്ങൾ
- ബ്യൂട്ടി പാർലറുകളും ഹെയർ സലൂണുകളും
കാസിനോകളും ഗെയ്മിംഗ് കേന്ദ്രങ്ങളും ഉൾപ്പെടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാർക്കും മാസ്ക് നിർബന്ധമാണ്.
മാസ്ക് ധരിക്കാത്തവർക്ക് 200 ഡോളർ ഉടനടി പിഴ നൽകും.
തിങ്കളാഴ്ച മുതലാകും പിഴ നൽകി തുടങ്ങുക എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
12 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ല. എന്നാൽ സാധ്യമായ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കണം എന്നാണ് നിർദ്ദേശം.
നേരത്തേ മെൽബണിൽ മാസങ്ങളോളം മാസ്ക് നിർബന്ധമായിരുന്നു. അന്ന് എല്ലാ സാഹചര്യങ്ങളിലും മാസ്ക് ധരിക്കണം എന്നായിരുന്നു ഉത്തരവ്.
NSW സർക്കാർ മാസ്ക് ധരിക്കാൻ ഉപദേശം നൽകിയെങ്കിലും, നിർബന്ധമാക്കാൻ ഇതുവരെ നടപടിയെടുത്തിരുന്നില്ല.
ഗ്രേറ്റർ സിഡ്നി മേഖലയിൽ മറ്റു നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
- ജിം ക്ലാസുകളിൽ 30 പേർ മാത്രമായി പരിമിതപ്പെടുത്തി
- ആരാധനാലയങ്ങളിൽ പരമാവധി 100 പേർ മാത്രം. നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ബാധകം
- വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും പരമാവധി 100 പേർ. നാലു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം
- കെട്ടിടങ്ങൾക്ക് പുറത്തുള്ള പരിപാടികളും, പ്രതിഷേധ പരിപാടികളും – പരമാവധി 500 പേർ
- ഇരിപ്പിടങ്ങളും ടിക്കറ്റുമുള്ള ഔട്ട്ഡോർ പരിപാടികൾ – 2000 പേർ
- നിശാക്ലബുകൾ അനുവദിക്കില്ല
സിഡ്നി ക്രിക്കറ്റ് ടെസ്റ്റ് മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ കൊവിഡ് സുരക്ഷാ നടപടികൾ നേരിട്ട് പരിശോധിക്കും.
ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് പുറത്ത് ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല. എന്നാൽ അവിടെയുള്ളവരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം എന്ന് പ്രീമിയർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വരെ ഏഴു പുതിയ കേസുകൾ കൂടിയാണ് സിഡ്നിയിൽ സ്ഥിരീകരിച്ചത്.
ഇതിൽ അഞ്ചു കേസുകൾ പശ്ചിമ സിഡ്നിയിലും തെക്കുപടിഞ്ഞാറൻ സിഡ്നിയിലുമായാണ്. ബെറാല ക്ലസ്റ്ററിലാണ് ഈ കേസുകൾ.
നോർതേൺ ബീച്ചസിലെ നിയന്ത്രണങ്ങൾ ഇളവു ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നോർതേൺ ബീച്ചസിന്റെ തെക്കൻ ഭാഗങ്ങളെ ഗ്രേറ്റർ സിഡ്നിയുടെ മറ്റ് മേഖലകൾക്ക് സമാനമായി കണക്കാക്കും.
എന്നാൽ വടക്കൻ മേഖലകളിൽ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും.
കടപ്പാട്: SBS മലയാളം