സിഡ്‌നിയില്‍ വീണ്ടും നിയന്ത്രണം: പൊതുവാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ന്യൂ സൗത്ത് വെയില്‍സിലെ പുതിയ പ്രാദേശിക കൊവിഡ്ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ശേഷം ഒരാള്‍ക്ക് കൂടി പുതിയതായി സിഡ്‌നിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ നഗരത്തിലെ പുതിയ ക്ലസ്റ്ററിലുള്ള കേസുകളുടെ എണ്ണം അഞ്ചായി.

50 വയസിനു മേല്‍ പ്രായമുള്ള ഒരു പുരുഷനാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ബോണ്ടായി ജംക്ഷനിലുള്ള മയര്‍ ഷോറൂമില്‍ വച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നതായി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു. ഈ വ്യക്തിയും, നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന ഒരാളും ഒരേ സമയം മയര്‍ ഷോറൂമിലുണ്ടായിരുന്നു.

വളരെ ചെറിയ തോതിലെ സമ്പര്‍ക്കം മാത്രമാണ് ഇവര്‍ തമ്മിലുണ്ടായതെന്നും എന്നിട്ടും വൈറസ് പടര്‍ന്നതായും പ്രീമിയര്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍, നിലവില്‍ കാഷ്വല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അടുത്ത സമ്പര്‍ക്കമായി കണക്കാക്കണമോ എന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.

അതീവ വ്യാപനശേഷിയുള്ള വൈറസാണ് ഇത് എന്നതിനാല്‍ ഇന്നു മുതല്‍ നഗരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതായും പ്രീമിയര്‍ അറിയിച്ചു.

ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് നാലു മണി മുതല്‍ പൊതുയാത്രാ വാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.

ഇപ്പോള്‍ ജോലിസ്ഥലങ്ങളിലുള്ളവരും വൈകുന്നേരം ട്രെയിനിലോ ബസിലോ വീട്ടിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാസ്‌ക് ലഭ്യമാക്കിയിരിക്കണമെന്ന് പ്രീമിയര്‍ നിര്‍ദ്ദേശിച്ചു.

സെന്‍ട്രല്‍ കോസ്റ്റ്, ഇല്ലവാര എന്നിവ ഒഴികെ ഗ്രേറ്റര്‍ സിഡ്‌നിയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഇത് ബാധകമായിരിക്കും.

അടുത്ത അഞ്ചു ദിവസത്തേക്കാണ് മാസ്‌ക് നിര്‍ബന്ധം.

ജൂണ്‍ 24 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടു മണി വരെയാണ് പൊതുയാത്രാ വാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നത്.

വ്യാപാരകേന്ദ്രങ്ങള്‍, തിയറ്റര്‍, ആശുപത്രി, ഏജ്ഡ് കെയര്‍ തുടങ്ങിയ ഇന്‍ഡോര്‍ മേഖലകളില്‍ മാസ്‌ക് ഉപയോഗം ശക്തമായി പ്രോത്സാഹിപ്പിക്കുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളിലേക്കും ഡിസെബിലിറ്റി കെയര്‍ കേന്ദ്രങ്ങളിലേക്കും അത്യാവശ്യമില്ലാത്ത ഘട്ടങ്ങളില്‍ സന്ദര്‍ശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍പ്പോലും മാസ്‌ക് ധരിക്കുകയും, ഒരു സമയം പരമാവധി രണ്ടു പേര്‍ മാത്രമായി പരിമിതപ്പെടുത്തുകയും വേണം.

രോഗബാധിതര്‍ സന്ദര്‍ശിച്ച കൂടുതല്‍ പ്രദേശങ്ങള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം അടിയന്തരമായി ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.

റെഡ്‌ഫേണ്‍, നോര്‍ത്ത് സിഡ്‌നി, കാംപല്‍ടൗണ്‍, ന്യൂടൗണ്‍ തുടങ്ങിയ പ്രദേശങ്ങളെയാണ് പുതുതായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button