പണം തട്ടിപ്പ്; ഇന്ത്യൻ വംശജനെ തേടി പോലീസ്
മെൽബണിൽ ഫെഡറൽ പൊലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കയ്യിൽ നിന്ന് 15,000ത്തിലേറെ ഡോളർ തട്ടിയെടുത്തയാളെ പോലീസ് തിരയുന്നു. തട്ടിപ്പ് നടത്തിയത് ഒരു ഇന്ത്യൻ വംശജനാണെന്നാണ് പോലീസ് സംശയിക്കുന്നത്.
നോർത്ത് മെൽബണിൽ വച്ചാണ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തതെന്നാണ് പൊലീസിന് പരാതി ലഭിച്ചത്.
ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാരൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 25 കാരിയായ യുവതിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
ഫെഡറൽ പൊലീസിൽ നിന്നാണ് വിളിക്കുന്നതെന്നും, നികുതിയിനത്തിൽ യുവതിക്ക് കുടിശ്ശികയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ് നടത്തിയത്.
സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,500 ഡോളർ പിൻവലിച്ച് നൽകാൻ ഇയാൾ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
പിന്നീട്, നോർത്ത് മെൽബണിലുള്ള ബ്ലാക്ക് വുഡ് സ്ട്രീറ്റിൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അപരിചിതനായ ഒരാൾ ഇവിടെവച്ച് പണം വാങ്ങുകയും, ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ഇതോടെ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ യുവതി പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഇയാൾ, ഇന്ത്യൻ വംശജനാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്ക് 170-180cm ഉയരമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
തട്ടിപ്പുകാരാണെന്ന് സംശയിക്കുന്ന ഇയാളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇയാളെ തിരിച്ചറിയുന്നവർ എത്രയും വേഗം 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.