പരിഭാഷകർക്കുള്ള NSW സ്കോളർഷിപ്പ് പദ്ധതിയിൽ മലയാളവും

ന്യൂ സൗത്ത് വെയിൽസിൽ മലയാളം ഉൾപ്പെടെയുള്ള ഭാഷകളുടെ പരിഭാഷകർക്ക് സർക്കാർ സ്കോളർഷിപ്പ് നൽകുന്നു.

NSW ഇന്റെർപ്രട്ടർ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് വിവിധ ഭാഷകളിലെ പരിഭാഷകർക്ക് സ്കോളർഷിപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

പരിഭാഷകരുടെ സേവനം ഏറ്റവും കൂടുതൽ ആവശ്യമുള്ള ഭാഷകളെയാണ് സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മൾട്ടികൾച്ചറലിസം, സ്‌കിൽസ് ആൻഡ് ടെർഷ്യറി എഡ്യൂക്കേഷൻ മന്ത്രി ജെഫ് ലീ പറഞ്ഞു.

26 ഭാഷകളാണ് സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ ഇന്ത്യൻ ഭാഷയായി മലയാളം മാത്രമാണ് ഉള്ളത്.

മലയാളത്തിന് പുറമെ Acholi, Bari, Chin (Tedim), Chinese (Hakka), Dinka, Ewe, Fijian, Fullah, Hakka (Timorese), Hmong, Karen, Kayah, Khmer, Kirundi, Krio, Mongolian, Mun (Chin), Nuer, Oromo, Samoan, Somali, Tetum, Tibetan, Tigrinya,Tongan എന്നിവയാണ് മറ്റ് ഭാഷകൾ.

ഇത് വഴി 30 പരിഭാഷകർക്ക് സ്കോളർഷിപ്പിനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കോളർഷിപ്പ് ലഭിക്കുന്ന പരിഭാഷകർക്ക് കുറഞ്ഞ ഫീസിൽ TAFE NSW ലും, യൂണിവേഴ്സിറ്റി ഓഫ് NSW ലും ലോകോത്തര നിലവാരമുള്ള പരിശീലനത്തിന് അർഹത ലഭിക്കും.

മാത്രമല്ല പരിശീലന കോഴ്സ് പൂർത്തിയാക്കുന്നവർക്ക് NAATI അംഗീകൃത പരിഭാഷകരാകാനുള്ള യോഗ്യതയും ലഭിക്കും.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാനുള്ള പരീക്ഷ പാസാകുന്നവർക്കാണ് സ്കോളർഷിപ്പിനുള്ള യോഗ്യത.

ജൂൺ ഒമ്പത് വൈകിട്ട് അഞ്ച് മണി വരെയാണ് പരിഭാഷകർക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നത്.

സിഡ്നി മെട്രോ പ്രദേശത്തുള്ളവർക്ക് ജൂലൈയിലും, വൊളോഗോംഗ് പ്രദേശത്തുള്ളവർക്ക് സെപ്റ്റംബറിലുമാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

NSW ഇന്റർപ്രട്ടർ സ്കോളർഷിപ്പ് പ്രോഗ്രാമിനായി നാല് വർഷത്തേക്ക് 6,50,000 ഡോളറാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരി സമയത്ത് പരിഭാഷകരുടെ സേവനം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി മന്ത്രി ലീ ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version