സിഡ്‌നിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 16 അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.
ന്യൂ സൗത്ത് വെയിൽസിൽ ജൂൺ മധ്യത്തിൽ തുടങ്ങിയ കൊവിഡ് ബാധ ഇപ്പോഴും പടരുകയാണ്. മൂന്നാഴ്ചയിൽ 330ലേറെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് പുതുതായി 27 കേസുകൾ കൂടി സ്ഥിരീകരിച്ചു.
കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ, ആരോഗ്യവിദഗ്ധരുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം ലോക്ക്ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചു.
ജൂലൈ ഒമ്പത് വെള്ളിയാഴ്ച അർദ്ധരാത്രി വരെയാണ് ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇത് ജൂലൈ 16 അർദ്ധരാത്രി വരെ നീട്ടും.
സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, വള്ളോംഗോങ്, ഷെൽഹാർബർ എന്നിവിടങ്ങളിലുള്ളവർക്ക് നാല് കാരണങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
അവധിക്ക് ശേഷം സ്കൂൾ അടുത്തയാഴ്ച തുറക്കാനിരിക്കെയാണ് സ്റ്റേ അറ്റ് ഹോം നിർദ്ദേശം വീണ്ടും നീട്ടിയത്. ഇതേതുടർന്ന് സ്കൂൾ തുറന്ന് പ്രവർത്തിക്കില്ലെന്നും, കുട്ടികൾ ഓൺലൈനായി പഠനം നടത്തണമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
എന്നാൽ അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സ്കൂളിൽ എത്താം.
ജൂലൈ 19 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും പ്രീമിയർ പറഞ്ഞു.
അതേസമയം സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ ഉള്ള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും.
സംസ്ഥാനത്ത് പടരുന്ന ഡെൽറ്റ വേരിയന്റ് മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും അതിനാലാണ് ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നതെന്നും പ്രീമിയർ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ ലോക്ക്ഡൗൺ ബാധിച്ചവർക്ക് ഫെഡറൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നടപ്പാക്കിയ ശേഷം വരുമാനം നഷ്ടപ്പെട്ടവർക്ക് 500 ഡോളറാണ് സർക്കാർ ധനസഹായം നൽകുന്നത്.
കടപ്പാട്: SBS മലയാളം