ഓസ്ട്രേലിയൻ മലയാളികൾ എവിടെയൊക്കെയാണ് ജീവിക്കുന്നത്? 2021ലെ സെൻസസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഓരോ ഓസ്ട്രേലിയൻ സബർബിലും എത്ര മലയാളികൾ ജീവിക്കുന്നുണ്ട് എന്ന കാര്യം ഇവിടെ അറിയാം.
ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ 2016നു ശേഷം വർഷത്തിനിടെ മലയാളികളുടെ എണ്ണം കൂടി എന്നാണ് സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പുതിയ സബർബുകളിലേക്കും സംസ്ഥാനങ്ങളിലേക്കുമെല്ലാം മാറിത്താമസിച്ച മലയാളികളുടെ എണ്ണവും കഴിഞ്ഞ അഞ്ചു വർഷത്തിൽ ഉയർന്നിരുന്നു.
അതിനാൽ തന്നെ ഓരോ പ്രദേശങ്ങളിലെ മലയാളികളുടെ എണ്ണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റക്കുറച്ചിലുകൾ വന്നിട്ടുണ്ട്.
മുന്നിൽ ക്ലൈഡ് നോർത്ത്
വിക്ടോറിയയിലെ ക്ലൈഡ് നോർത്തിലാണ് ഓസ്ട്രേലിയയിൽ മലയാളികളുടെ സാന്ദ്രത ഏറ്റവും കൂടുതൽ.
1,164 മലയാളികളാണ് ക്ലൈഡ് നോർത്തിൽ ജീവിക്കുന്നത്.
ഈ സബർബിലെ ആകെ ജനസംഖ്യയുടെ 1.5 ശതമാനമാണ് മലയാളികൾ. സബർബിലെ നാലാമത്തെ വലിയ ഭാഷയുമാണ് മലയാളം.
ഇംഗ്ലീഷ്, പഞ്ചാബി, സിംഹളീസ് എന്നിവയ്ക്കു പിന്നിലാണ് മലയാളം.
2016ൽ വെറും 152 മലയാളികൾ മാത്രമായിരുന്നു ഈ സബർബിൽ ജീവിച്ചിരുന്നത്. ഓസ്ട്രേലിയയിൽ 49ാം സ്ഥാനത്തായിരുന്നു ക്ലൈഡ് നോർത്ത്.
അവിടെ നിന്നാണ് അഞ്ചു വർഷം കൊണ്ട് ഈ സബർബ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഒന്നാം സ്ഥാനം നഷ്ടമായത് ക്രൈഗിബേണിന്
2016ൽ ഏറ്റവുമധികം മലയാളികളുണ്ടായിരുന്നത് വിക്ടോറിയയിലെ തന്നെ ക്രൈഗിബേണിലായിരുന്നു.
ക്രൈഗിബേണിലും മലയാളികളുടെ എണ്ണം ഉയർന്നെങ്കിലും, പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2016ൽ 631 മലയാളികളുണ്ടായിരുന്നത് ഇത്തവണ 781 ആയാണ് ഉയർന്നിരിക്കുന്നത്.
അതായത്, മലയാളികൾ ഏറ്റവുമധികമുള്ള ആദ്യ രണ്ടു സബർബുകളും വിക്ടോറിയയിൽ തന്നെയാണ്.
ഓസ്ട്രേലിയയിൽ ഏറ്റവുമധികം മലയാളികളുള്ള മൂന്നാമത്തെ സബർബ് എവിടെയാണ് എന്നറിയാമോ?
വിക്ടോറിയയിലോ, ന്യൂ സൗത്ത് വെയിൽസിലോ അല്ല ഇത്. വെസ്റ്റേൺ ഓസ്ട്രേലിയയിലാണ്.
പെർത്തിലെ പിയാര വാട്ടേഴ്സാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 756 പേർ.
ഏറ്റവുമധികം മലയാളികളുള്ള പത്ത് സബർബുകൾ നോക്കുകയാണെങ്കിൽ അതിൽ എട്ടും വിക്ടോറിയയിൽ തന്നയാണ്.
ടാർനീറ്റ്, ക്രാൻബേൺ ഈസ്റ്റ്, ക്രാൻബൺ നോർത്ത്, ബെർവിക്ക്, വോള്ളർട്ട് എന്നിവയാണ് ആദ്യ പത്തിലുള്ള വിക്ടോറിയൻ പ്രദേശങ്ങൾ.
ആദ്യ പത്തിൽ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ഒറ്റ സബർബ് മാത്രമാണ് ഉള്ളത്.
ഒമ്പതാം സ്ഥാനത്തുള്ള പാരമറ്റ. 571 മലയാളികളാണ് പാരമറ്റയിൽ ജീവിക്കുന്നത്.
കടപ്പാട്: SBS മലയാളം